ചവറ: വൃശ്ചികം പന്ത്രണ്ട് വിളക്ക് മഹോത്സവത്തിന്റെ സമാപന ദിവസമായ ഇന്നലെ ക്ഷേത്രത്തിൽ തങ്ക അങ്കി ചാർത്തിയ ദേവിയുടെ ദീപാരാധ കണ്ടുതൊഴാനും തിരുമുടി ദർശനത്തിനുമായി ആയിരങ്ങളെത്തി.
പർണശാലകളിൽ ഭജനം പാർക്കുന്ന ഭക്തരെ അനുഗ്രഹിക്കാനും പന്ത്രണ്ട് വിളക്ക് മഹാത്സവ ആറാട്ടിനുമായി എഴുന്നള്ളുന്ന തിരുമുടി എഴുന്നള്ളത്ത് രാത്രിയോടെ ആരംഭിച്ചപ്പോൾ ആയിരങ്ങൾ ദർശന പുണ്യം നേടി. ക്ഷേത്രത്തിന് തെക്കുഭാഗത്തായി കടലോരത്ത് പ്രത്യേകം തയ്യാറാക്കിയ കുരുത്തോല പന്തലിൽ ആറാട്ടിനായി ദേവി എത്തിയപ്പോൾ പ്രായമായവർ വായ് കുരവയിട്ടാണ് സ്വീകരിച്ചത്. തിരുമുടി എഴുന്നള്ളത്ത് ആറാട്ട് കടവിൽ നടക്കുമ്പോൾ വാദ്യമേളങ്ങളും പഞ്ചവാദ്യങ്ങളും താലപ്പൊലിയും കടൽപ്പൂരവും കരിമരുന്ന് പ്രയോഗവും നടന്നു.
മണികെട്ടി തൊഴാനും ദേവീദർശനത്തിനുമായി നാടിന്റെ നാനാ ദിക്കുകളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നുവരെ ആയിരക്കണക്കിന് വിശ്വാസികളാണ് എത്തിയത്. ചവറ പൊന്മന കാട്ടിൽ മേക്കതിൽ ദേവിയുടെ തിരുസന്നിധി ഭക്തജനങ്ങളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. ശക്തിസ്വരൂപിണിയായി വിളങ്ങുന്ന അമ്മയുടെ തിരുമുടി ദർശിക്കാനും അനുഗ്രഹം വാങ്ങാനും രാത്രി വൈകിയും ഭക്തരുടെ തിരക്ക് അനുഭവപ്പെട്ടു.