കൊട്ടിയം: ദേശീയപാത, വാട്ടർ അതോറിട്ടി അധികൃതർ തമ്മിലുള്ള ഭിന്നത ഉമയനല്ലൂർ വാഴപ്പള്ളി ഭാഗത്തെ നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചു. ദേശീയപാത വികസനത്തിനായി കരാറെടുത്ത കമ്പനിക്കാർ റോഡിന്റെ വശങ്ങൾ കുത്തിപ്പൊളിച്ചതിനെ തുടർന്ന് കുടിവെള്ള വിതരണ പൈപ്പുകൾ പൊട്ടിയതാണ് നാട്ടുകാരുടെ കുടിവെള്ളം മുട്ടാൻ കാരണം. കഴിഞ്ഞ ഒരാഴ്ചയിലധികമായി ഇവിടത്തെ കുടുംബങ്ങൾക്ക് കുടിവെള്ളം വിലയ്ക്കു വാങ്ങേണ്ട സ്ഥിതിയാണ്. പ്രദേശവാസിയും പൊതു പ്രവർത്തകനുമായ ഗിരിപ്രസാദ് ഇക്കാര്യം ദേശീയപാത വികസനം കരാറെടുത്തിരിക്കുന്ന കമ്പനി അധികൃതരെ അറിയിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ഉടൻ ശരിയാക്കുമെന്ന മറുപടിയല്ലാതെ യാതൊരു നടപടിയുമുണ്ടായില്ല. വാട്ടർ അതോറിട്ടി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും അവർ ഹൈവേ അധികൃതരുടെ തലയിൽ വച്ച് തടിയൂരുകയാണ് ചെയ്തത്. പരിസരവാസികൾക്ക് ശല്യമില്ലാത്ത രീതിയിൽ മാത്രമേ റോഡ് വികസനം നടപ്പാക്കുവെന്നു പറയുന്ന അധികൃതർ, കഴിഞ്ഞ ഒരാഴ്ചയിലധികമായി ഒരു പ്രദേശത്തെ കുടിവെള്ളം മുടങ്ങിയിട്ടും അറിഞ്ഞമട്ടില്ല. കുടിവെള്ളം ലഭ്യമാക്കാൻ അധികൃതരുടെ ഭാഗത്തു നിന്ന് അടിയന്തര നടപടികൾ ഉണ്ടാകണമെന്ന് മയ്യനാട് ഗ്രാമപഞ്ചായത്തംഗവും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ ഉമയനല്ലൂർ റാഫി ആവശ്യപ്പെട്ടു.