bus

കൊല്ലം: വനം വകുപ്പ് പച്ചക്കൊടി കാട്ടിയതേയുള്ളൂ, ആനവണ്ടിയുടെ ഗവി ഉല്ലാസയാത്ര ഹൗസ് ഫുൾ!. മൂന്നു മേഖലയായി

തിരിച്ച് ദിവസം മൂന്നു ബസുകൾ ഡിസംബർ ഒന്നു മുതൽ ഓടിത്തുടങ്ങും.

വനം വകുപ്പിന്റെ അനുവാദം ലഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ അടുത്ത 15 ദിവസത്തേക്കുമുള്ള ബുക്കിംഗ് പൂർത്തിയായി. സൗത്ത്, സെൻട്രൽ, നോർത്ത് എന്നിങ്ങനെ തിരിച്ചാണ് സർവീസ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട സൗത്ത് സോണിലും ആലപ്പുഴ മുതൽ തൃശൂർ വരെ സെൻട്രൽ സോണിലും പാലക്കാട് മുതൽ കാസർകോട് വരെ നോർത്ത് സോണിലും വരും. ഓരോ സോണിൽ നിന്നും ബസുകൾ പത്തനംതിട്ടയിലെത്തും. വീതി കുറഞ്ഞ കാനന പാതയായതിനാൽ നീളം കുറഞ്ഞ ബസുകളിലാവും തുടർന്നുള്ള യാത്ര. രാവിലെ 6.30 മുതൽ അരമണിക്കൂർ ഇടവിട്ട് ബസുകൾ പത്തനംതിട്ടയിൽനിന്ന് പുറപ്പെടും. ഗവി കാഴ്ചകൾ കണ്ട് വണ്ടിപ്പെരിയാറിലെത്തി കോട്ടയം- കുമളി റോഡിലൂടെയാവും മടക്കം. സമയലഭ്യതയനുസരിച്ച് പാഞ്ചാലിമേട് സന്ദർശനവും പാക്കേജിലുണ്ട്.

നോർത്ത് സോണിൽ നിന്നുള്ള ദൂരക്കൂടുതൽ കണക്കിലെടുത്ത് കുമരകം ഉൾപ്പെടെ ടൂറിസം കേന്ദ്രങ്ങൾ ഉൾപ്പെടുത്തി രണ്ടു ദിവസത്തെ പാക്കേജാക്കാനും ആലോചനയുണ്ട്. ഓരോ ഡിപ്പോയിൽ നിന്നുമുള്ള ദൂരം അനുസരിച്ച് പ്രത്യേക നിരക്കാവും ഈടാക്കുക.

പാക്കേജ്

 കാനന,​ ബോട്ട് യാത്രയും ഭക്ഷണവും

 ഭക്ഷണവും ബോട്ട് യാത്രയും കെ.എഫ്.ഡി.സി ഒരുക്കും

 ട്രക്കിംഗിന് പ്രത്യേക ഫീസ്

കാഴ്ചകൾ

 പച്ചപുതപ്പണിഞ്ഞ മലനിരകളും അരുവികളും

 പുൽമേടുകൾ, ഏഴോളം ഡാമുകൾ

 ആന, കാട്ടുപോത്ത്, കരിങ്കുരങ്ങ്, കേഴ, കാട്ടുകോഴി

നിരക്ക്

തിരുവനന്തപുരം ₹ 1900

കൊല്ലം,​ കോട്ടയം ₹ 1650

ആലപ്പുഴ ₹ 1700

പാലക്കാട്,​ കാസർകോഡ് ​₹ 3750 (രണ്ട് ദിവസം)​

തൃശൂർ ₹ 2500

കാനന പാതയായതിനാൽ സഞ്ചാരികൾക്ക് വേഗത്തിൽ എത്തിപ്പെടാൻ കഴിയില്ല. ഗവിയിലേക്ക് കെ.എസ്.ആർ.ടി.സി ഒരുക്കിയ ഉല്ലാസ യാത്രയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. നല്ല വരുമാനം പ്രതീക്ഷിക്കുന്നു.

ബഡ്ജറ്റ് ടൂറിസം സെല്ല്,

കെ.എസ്.ആർ.ടി.സി,​ തിരുവനന്തപുരം