കൊല്ലം: താലൂക്ക് കച്ചേരി ഭാഗത്ത് നിന്ന് തേവള്ളി ഭാഗത്തേക്കുള്ള വാഹനങ്ങൾ ഹൈസ്‌കൂൾ ജംഗ്‌ഷൻ കടക്കണമെങ്കിൽ പോയിന്റ് ഡ്യൂട്ടിയിലുള്ള ട്രാഫിക് ഉദ്യോഗസ്ഥനോ ട്രാഫിക് വാർഡനോ കനിയണം. ഹൈസ്‌കൂൾ ജംഗ്‌ഷനിലെ തേവള്ളി ഭാഗത്തേക്കുള്ള സിഗ്നൽ ലൈറ്റ് കത്താതായിട്ട് ഒരാഴ്ചയോളമായിട്ടും നടപടിയില്ല. നൂറോളം വാഹനങ്ങളാണ് ഓരോ മിനിട്ടിലും ഹൈസ്‌കൂൾ ജംഗ്‌ഷനിൽ നിന്ന് തേവള്ളി ഭാഗത്തേക്ക് തിരിയുന്നത്. സിഗ്നൽ സംവിധാനം തകരാറിലാണെന്ന് അറിയാവുന്നത് ട്രാഫിക് റോഡ് സേഫ്ടി എൻഫോഴ്സ്മെന്റിനും സ്വകാര്യബസുകൾക്കും മാത്രമാണ്. സിഗ്നൽ ലഭിക്കാത്തതിനാൽ മറ്റ് വാഹനങ്ങൾ ഹൈസ്‌കൂൾ ജംഗ്‌ഷനിൽ നിറുത്തിയിടുമ്പോൾ ഗതാഗതകുരുക്കുണ്ടാകുന്നത് നിയന്ത്രിക്കാൻ ട്രാഫിക് ഉദ്യോഗസ്ഥൻ റോഡിലിറങ്ങേണ്ട അവസ്ഥയാണ്.
ഇത്തരത്തിൽ സ്വകാര്യ വാഹനങ്ങൾ നിറുത്തിയിടുന്നത് കാരണം തേവള്ളി ഭാഗത്തേക്ക് കടന്നുപോകേണ്ട സ്വകാര്യബസുകളടക്കമുള്ളവ കുടുങ്ങിക്കിടക്കുന്നത് പതിവാണ്. ഇവ മുൻകൂട്ടിക്കണ്ട് ചില ബസുകൾ ട്രാക്ക് മാറി വലത്തേക്ക് തിരിയുന്നത് അപകട ഭീഷണിയുയർത്തുന്നുണ്ട്. ഗതാഗത കുരുക്കിനെ തുടർന്ന് സ്വകാര്യബസ് ജീവനക്കാർ തമ്മിൽ സമയക്രമത്തെ ചൊല്ലി വാക്ക് തർക്കമുണ്ടാകുന്നതും പതിവായി മാറിയിട്ടുണ്ട്.
സ്ഥാപിച്ചത് സ്വകാര്യകമ്പനി
1. സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചതും അറ്റകുറ്റപ്പണികൾ നടത്തേണ്ടതും കായംകുളത്തുള്ള സ്വകാര്യ കമ്പനി
2. റോഡ് സേഫ്ടി എൻഫോഴ്‌സ്‌മെന്റും സിറ്റി ട്രാഫിക്കും അറ്റകുറ്റപ്പണി ആവശ്യപ്പെട്ടെങ്കിലും നടപടിയില്ല
3. പ്രതിനിധികൾ പരിശോധിച്ചെന്ന് കമ്പനി അധികൃതർ
4. പരിഹരിക്കാൻ തിരുവനന്തപുരം ഓഫീസിൽ നിന്ന് സാങ്കേതിക വിദഗ്ദ്ധന്റെ സേവനം ആവശ്യമെന്ന് കമ്പനി
5. തിരക്കേറിയ ജംഗ്‌ഷനെന്ന പരിഗണന നൽകാതെ കമ്പനി അധികൃതർ
6. സിഗ്നൽ തൂണുകളിൽ പരസ്യം സ്ഥാപിച്ച് വരുമാനമുണ്ടാക്കുന്നതും ഇതേ കമ്പനി
7. ഉന്നതതല സ്വാധീനം സ്വകാര്യകമ്പനിക്ക് തണലാകുന്നതായി ആക്ഷേപം
'' സ്വകാര്യകമ്പനി സ്ഥാപിച്ച സിഗ്നൽ ലൈറ്റുകളിൽ അറ്റകുറ്റപ്പണി നടത്താതെ വാഹനയാത്രക്കാരെ വെല്ലുവിളിക്കുന്ന രീതിയാണ് ഹൈസ്‌കൂൾ ജംഗ്‌ഷനിലുള്ളത്. കമ്പനിക്കെതിരെ നടപടിയെടുക്കാനോ താക്കീത് നൽകാനോ അധികൃതർ ശ്രമിക്കാത്തത് കമ്പനിയുടെ ഉന്നതബന്ധത്തിനെ ഭയന്നാണ്"
യാത്രക്കാർ, സ്വകാര്യ ബസ് ജീവനക്കാർ