photo

അഞ്ചൽ: നാറാണത്ത് ഭ്രാന്തനും സുഗതകുമാരി ടീച്ചറുമടക്കമുള്ളവർ വേദിയിലെത്തിയത് നരബലിക്കെതിരെ പ്രതിഷേധിക്കാനല്ല, പ്രതികരിക്കാത്ത സാംസ്കാരിക നായകന്മാർക്കെതിരെ പ്രതിഷേധിച്ചാണ്!.

ഹൈസ്കൂൾ വിഭാഗം മോണോആക്ടിൽ ഇത്തിരി നേരംകൊണ്ട് ഏഴ് കഥാപാത്രങ്ങളെ വേദിയിലെത്തിച്ചാണ് കരുനാഗപ്പള്ളി ജി.എച്ച്.എസ്.എസിലെ പത്താം ക്ളാസ് വിദ്യാർത്ഥിനി മാളവിക മാധവ് ഒന്നാം സ്ഥാനത്തെത്തിയത്. നരബലിയായിരുന്നു മോണോ ആക്ടിന് വിഷയമായി കണ്ടെത്തിയതെങ്കിലും നരബലിക്ക് ശേഷം വായ് മൂടപ്പെട്ട സാംസ്കാരിക നായകന്മാരെ ചോദ്യം ചെയ്യാൻ അവസരം ഉപയോഗിച്ചപ്പോഴാണ് സദസ് മനസ് നിറഞ്ഞ് കൈയടിച്ചത്. കരുനാഗപ്പള്ളി പുതിയകാവ് മാധവത്തിൽ പരേതനായ സി.പി.എം നേതാവ് സി.ആർ.മധുവിന്റെയും മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ആർ.കെ.ദീപയുടെയും മകളായ മാളവിക നാലാം ക്ളാസ് മുതൽ കലോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. അഞ്ചാം ക്ളാസ് മുതൽ ജില്ലാ കലോത്സവത്തിൽ വിജയം കൂടെച്ചേർത്തുനിറുത്തുന്നുമുണ്ട്. അച്ഛനായിരുന്നു കലോത്സവ വേദികളിൽ മുൻപൊക്കെ ഒപ്പം വന്നിരുന്നത്. 2019 ൽ സി.ആർ.മധുവിന്റെ അപ്രതീക്ഷിത വിയോഗത്തോടെ കുടുംബത്തിന്റെ താളംതെറ്റിയെങ്കിലും മാളവികയും സഹോദരൻ വിഷ്ണു മാധവും കലയുടെ വഴിയിലൂടെ സങ്കടങ്ങൾ മറന്നു. കലാഭവൻ നൗഷാദാണ് മോണോ ആക്ട് പഠിപ്പിക്കുന്നത്. മോണോ ആക്ടിലെ ഒന്നാം സ്ഥാനവുമായി മാളവിക മടങ്ങുന്നില്ല. എം. മുകുന്ദന്റെ 'ഡൽഹി-1981' കഥയെ കഥാപ്രസംഗമാക്കി മത്സരത്തിൽ വീണ്ടുമെത്തും.