കൊല്ലം: സിറ്റി ട്രാഫിക് സ്റ്റേഷൻ പരിസരം വാഹനങ്ങളുടെ ശവപ്പറമ്പാകുകയും പരിസരം കാടുമൂടി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാകുകയും ചെയ്‍തതിന് പിന്നിലെ പ്രധാന പങ്ക്
മോട്ടോർ വാഹനവകുപ്പിനും സിറ്റി പൊലീസിനുമാണ്. ട്രാഫിക് പൊലീസ് സ്റ്റേഷൻ പരിസരത്ത് ആയിരക്കണക്കിന് വാഹനങ്ങളാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇതിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ 112 വാഹനങ്ങൾ മാത്രമാണ് ട്രാഫിക് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ബാക്കിയുള്ളവ മോട്ടോർവാഹനവകുപ്പും ക്രമസമാധാന ചുമതലയുള്ള സിറ്റി പൊലീസും പിടികൂടിയവയാണ്. ഇവ ഉടമയ്ക്ക് വിട്ടുകൊടുക്കാനോ,
ലേലം ചെയ്യാനോ അധികൃതർ മുൻകൈയെടുത്തതുമില്ല. ദേശീയപാത വികസനത്തിന്റെ ഭാഗമായി കിളികൊല്ലൂർ സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന വാഹനങ്ങളും സ്ഥലപരിമിതികാരണം സ്റ്റേഷനുകളിൽ സൂക്ഷിക്കാൻ കഴിയാതെ ഇവിടെയെത്തിച്ചിരുന്നു.
മോട്ടോർ വാഹനവകുപ്പ് പരിശോധനയിൽ പിടികൂടുന്ന വാഹനങ്ങളും സൂക്ഷിക്കാനുള്ള ഉത്തരവാദിത്തവും ട്രാഫിക് പൊലീസിന്റെതാണ്. വാഹനങ്ങൾക്ക് മുകളിലൂടെ കാട് വളർന്നത് ഇഴജന്തുക്കളുടെ ഭീഷണിക്കും കാരണമായിട്ടുണ്ട്.