
അഞ്ചൽ: പൊള്ളുന്ന പകൽച്ചൂടിൽ കുളിരായി ആ മധുരസംഗീതം പെയ്തിറങ്ങി. "ആയിരം തിരിയിട്ടൊരാട്ടവിളക്കായ് നീ...." ഫിദ സജിത്തിന്റെ പാട്ടിൽ സദസ് ലയിച്ചിരുന്നു. പാടി നിറുത്തിയപ്പോഴേക്കും നിലയ്ക്കാത്ത കൈയടി കുട്ടിപ്പാട്ടുകാരിയുടെ വിജയം ഉറപ്പിച്ചു. നിലവാരമുള്ള ലളിതഗാന മത്സരത്തിൽ അതിമധുരമായി പാടിയപ്പോഴാണ് കരുനാഗപ്പള്ളി ജോൺ.എഫ്.കെന്നഡി വി.എച്ച്.എസ്.എസിലെ അഞ്ചാം ക്ളാസ് വിദ്യാർത്ഥിനി ഫിദ സജിത്തിന് യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്. ഷിബു മുത്തറ്റിന്റെ വരികൾ യുടൂബിൽ നിന്നുമെടുത്താണ് ഫിദ പാടിയത്. നാട്ട രാഗത്തിൽ ശ്രീമഹാഗണപതി സ്തുതി പാടി ശാസ്ത്രീയ സംഗീതത്തിലും ഫിദ സജിത്ത് ഒന്നാം സ്ഥാനത്തെത്തി. കരുനാഗപ്പള്ളി കോഴിക്കോട് പനയറ വീട്ടിൽ എം.സജിത്തിന്റെയും സഫിനയുടെയും മകളാണ് ഫിദ സജിത്ത്. തിരുവനന്തപുരം ബാറിലെ അഭിഭാഷകയായ ഗായത്രിയുടെ കീഴിലാണ് സംഗീതപഠനം.