കൊല്ലം: നാളെ നാളെ നീളെ നീളെയെന്ന അവസ്ഥയാണ് എസ്.എൻ കോളേജ് ജംഗ്‌ഷൻ മേൽപ്പാലത്തിന്റെ കാര്യത്തിൽ റെയിൽവേയും സർക്കാരും സ്വീകരിക്കുന്ന നിലപാട്. കോളേജ് ജംഗ്‌ഷൻ- തുമ്പറ- മുണ്ടയ്ക്കൽ റോഡിൽ റെയിൽവേ മേൽപ്പാലം നിർമ്മിക്കുമെന്ന വാഗ്ദാനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പാലം നിർമ്മാണത്തിനായി പണം അനുവദിച്ചെങ്കിലും തുടർ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

തുമ്പറ, മുണ്ടയ്ക്കൽ പ്രദേശത്തുള്ളവർ മണിക്കൂറുകളോളം ഗേറ്റിൽ കാത്തുകിടക്കേണ്ട അവസ്ഥയുമുണ്ടായിട്ടുണ്ട്. പല സമയത്തും മൂന്നോളം ട്രെയിനുകൾ കടന്നുപോയ ശേഷമായിരിക്കും ഇവിടെ ഗേറ്റ് തുറക്കുന്നത്. ഇത്തരത്തിൽ ഗേറ്റടവ് തുടർക്കഥയായതോടെ ഇതുവഴിയുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസും അവസാനിപ്പിച്ചു.

തുമ്പറ, മുണ്ടയ്ക്കൽ ഭാഗത്ത് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുസ്ഥാപനങ്ങളുമുള്ളതിനാൽ വാഹന യാത്രക്കാരുടെ എണ്ണവും കൂടുതലാണ്. ബലിതർപ്പണ ചടങ്ങുകൾ നടക്കുന്ന മുണ്ടയ്ക്കൽ പാപനാശനം കടപ്പുറത്തേക്കുള്ള വഴിയും ഇതാണ്. ഗേറ്റ് അടച്ചിടുന്നതിനെ തുടർന്ന് തുമ്പറ ഭാഗത്തേക്കുള്ള വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷമാകുന്നതോടെ തിരക്കേറിയ മേവറം- കാവനാട് പാതയിലും ഗതാഗത കുരുക്കുണ്ടാകാറുണ്ട്. എസ്.എൻ കോളേജ് ജംഗ്‌ഷനിലെ മേൽപ്പാല നിർമ്മാണത്തിന് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പൊതുസമൂഹത്തിന്റെ ആവശ്യം.

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് ക്രൂരതയാണ്. വർഷങ്ങളായി ഈ മേഖലയിലെ ജനങ്ങൾ കടുത്ത ദുരിതത്തിലാണ്. ലെവൽക്രോസിൽ കുരുങ്ങി ആഴ്ചയിൽ 24 മണിക്കൂറോളം നഷ്ടമാകുന്നു.

ഡോ. ബി. അരവിന്ദ്,

സരസ്വതി ഭവൻ , മുണ്ടയ്ക്കൽ

ചില ദിവസങ്ങളിൽ അഞ്ച് ട്രെയിനുകൾ കടന്നുപോകുന്നത് വരെ കാത്തുനിൽക്കേണ്ടി വന്നിട്ടുണ്ട്. മുക്കാൽ മണിക്കൂർ വരെ വെയിലായാലും മഴയായാലും സഹിച്ച് ഗേറ്റിൽ നിൽക്കുന്ന അവസ്ഥയിലാണ് നാട്ടുകാർ. മേൽപ്പാലം വന്നാൽ ആശ്വാസമാകും.

പ്‌ളാസിഡ് മെൻഡസ്

മേരി ലാൻഡ്, മുണ്ടയ്ക്കൽ