
അഞ്ചൽ: സ്കൂൾ കലോത്സവങ്ങൾ മത്സരങ്ങൾക്ക് മാത്രമല്ല, അന്യം നിന്നുപോകുന്ന കലാരൂപങ്ങളെ തിരികെയെത്തിക്കാനുള്ള വേദികൾ കൂടിയാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
അഞ്ചൽ ഈസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാനവേദിയിൽ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തിരി തെളിക്കുകയായിരുന്നു അദ്ദേഹം. അന്യംനിന്നുപോകുന്ന കലകളാണ് കുട്ടികൾ കലോത്സവ വേദിയിലെത്തിക്കുന്നതിൽ അധികവും. മത്സരത്തിനുവേണ്ടി പഠിക്കുന്നതാണെന്ന് വിമർശനം ഒരുവശത്തുണ്ടെങ്കിലും അതിന് പോസിറ്റീവ് വശമുണ്ട്. വിദ്യാലയങ്ങൾ മതനിരപേക്ഷതയുടെ പൊതു ഇടങ്ങളാണ്. പതിമൂവായിരത്തി നാനൂറിൽപരം സർക്കാർ - എയ്ഡഡ് വിദ്യാലയങ്ങൾ നമുക്കുണ്ട്. കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ വ്യാപനം ദേശീയ ശരാശരിയുടെ ഇരട്ടിയേക്കാളുമുണ്ട്. അതുകൊണ്ടാണ് കേരളത്തിലെ സ്കൂൾ കലോത്സവം ലോകത്തെ ഏറ്റവും വലിയ കലാമേളയായി മാറുന്നത്. കലാമേളകളിൽ കുട്ടികൾക്ക് വാശിയില്ല, രക്ഷിതാക്കളുടെ വാശികൂടി മാറേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പി.എസ്.സുപാൽ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി കലാ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര മേഖലയ്ക്കടക്കം പ്രതിഭകളെ സമ്മാനിക്കാൻ സ്കൂൾ കലോത്സവങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയൽ, റൂറൽ എസ്.പി എം.എൽ.സുനിൽ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധ രാജേന്ദ്രൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബൈജു, കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.ഐ.ലാൽ, സ്വീകരണ കമ്മിറ്റി കൺവീനർ പിടവൂർ രമേശ്, ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വകുപ്പുതല ഉദ്യോഗസ്ഥർ, അദ്ധ്യാപക സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.