photo

അഞ്ചൽ: അമ്മയുടെ കൈയിൽ തൂങ്ങി കൊഞ്ചലോടെയാണ് നവ്യയക കലോത്സവ നഗരിയിലെത്തിയത്. വേഷമിട്ട് വേദിയിൽ കയറിയപ്പോൾ ലക്ഷണമൊത്ത ലാസ്യ നർത്തകിയായി.

മത്സരമല്ലാഞ്ഞിട്ടും അവളുടെ അംഗചലനങ്ങളിലും കണ്ണിളക്കത്തിലും സദസ് വിസ്മയത്തോടെ നോക്കിനിന്നു. ആടിനിറുത്തിയപ്പോൾ നിറഞ്ഞ സദസിന്റെ കൈയടി. സദസിന്റെ മുൻനിരയിലിരുന്ന പി.എസ്.സുപാൽ എം.എൽ.എ വേദിയിലേക്ക് കയറി സമ്മാനം നൽകി നവ്യയകയെ അനുമോദിച്ചു. കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ഒന്നാം വേദിയുണർന്നതും നവ്യയകയുടെ ഭരതനാട്യത്തോടെയാണ്. വേദിവിട്ടിറങ്ങിയപ്പോൾ നവ്യ അമ്മയോട് കൊഞ്ചി, ഐസ് ക്രീം വേണം. വാശിയോടെ അവൾ അമ്മയുടെ കൈപിടിച്ചുവലിച്ചപ്പോൾ കണ്ടുനിന്നവർ അവളെ ഐസ്ക്രീം വില്പനക്കാരന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഇഷ്ട നിറമുള്ള കപ്പിൽ ഐസ്ക്രീം വാങ്ങി നുണഞ്ഞു.

അഞ്ചൽ അസുരമംഗലം നവ്യാലയത്തിൽ ശ്രീകലയുടെ മകളാണ് വാളക്കോട് എൻ.എസ്.ബി.വി.എച്ച്.എസ്.എസിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിനിയായ എസ്.നവ്യയക. അച്ഛനില്ലാത്ത വീട്ടിൽ ഓട്ടിസത്തിന്റെ (ഡൗൺ സിൻഡ്രം) ബുദ്ധിമുട്ടുകളോടെയാണ് വളർന്നത്. നൃത്താദ്ധ്യാപികയായ ശ്രീകല മകളുടെ വൈകല്യത്തെ വകവയ്ക്കാതെ നൃത്തം പഠിപ്പിച്ചു. സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ മോഹിനിയാട്ടത്തിലും നാടോടി നൃത്തത്തിലും എ ഗ്രേഡ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ പുനലൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ മോഹിനിയാട്ടത്തിൽ രണ്ടാം സ്ഥാനവും നേടി. ജില്ലാ കലോത്സവത്തിൽ പങ്കെടുക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോഴാണ് ഇന്നലെ മത്സരമല്ലാതെതന്നെ നവ്യയകയ്ക്ക് ഒന്നാം വേദിയിൽ സംഘാടകർ അവസരം ഒരുക്കിയത്. നൃത്തത്തലും കീ ബോർഡിലും ചിത്രകലയിലും നവ്യയക മികവുകാട്ടുന്നുണ്ട്.