എഴുകോൺ: ലോക പ്രശസ്തരായ പ്രതിഭാശാലികളുടെ പോലും പതനത്തിന് ലഹരി ഉപയോഗം കാരണമായിട്ടുണ്ടെന്ന് എക്സൈസ് വിമുക്തി മിഷൻ അസി. കമ്മിഷണർ വി.രാജേഷ് പറഞ്ഞു. കേരളകൗമുദിയും എക്സൈസ് വകുപ്പും നേതാജി നഗർ റെസി. അസോസിയേഷനും ചേർന്ന് എഴുകോൺ ഗവ. ടെക്ക്നിക്കൽ ഹൈസ്കൂളിൽ നടത്തിയ ലഹരി മുക്ത സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അലക്ഷ്യമായ യുവതലമുറ നമ്മുടെ നാടിന്റെ ശാപമാണ്. ലഹരി ഉപയോഗിക്കാതിരിക്കുക മാത്രമല്ല ലഹരി വസ്തുക്കളുടെ വ്യാപനം തടയുക എന്ന ഉത്തരവാദിത്തവും സമൂഹത്തിനുണ്ട്. പ്രതിനായകന്മാർക്ക് വീര പരിവേഷം നൽകുന്ന പ്രവണത എൺപതുകളുടെ മദ്ധ്യത്തോടെ ജനപ്രിയ സിനിമാ മേഖലയിൽ വന്ന ഒരു മാറ്റമാണ്. എന്നാൽ സിനിമയല്ല ജീവിതം. ലഹരി ഉൾപ്പെടെയുള്ളവയുടെ കള്ളക്കടത്തിനും വിധ്വംസക പ്രവൃത്തികൾക്കും കടുത്ത ശിക്ഷയാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ലഹരി മാഫിയയുടെ പിടിയിൽ അകപ്പെടുന്നവർ ക്രമേണ ഒറ്റപ്പെടുന്ന അവസ്ഥയാണ് കാണാനാകുന്നത്. ഇത്തരം ആളുകളുടെ ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് വിദ്യാർത്ഥികൾ പാഠം ഉൾക്കൊള്ളാൻ തയ്യാറാകണം. മദ്യം ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരുടെ സൗഹൃദം വേണ്ടെന്ന് വയ്ക്കാൻ ഓരോരുത്തരും തീരുമാനിക്കണമെന്നും രാജേഷ് പറഞ്ഞു.
കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. എഴുകോൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. എഴുകോൺ റൂറൽ സഹകരണ സംഘം പ്രസിഡന്റ് അഡ്വ. ചക്കുവരയ്ക്കൽ ചന്ദ്രൻ, എഴുകോൺ ഗവ. ടി.എച്ച്.എസ് സൂപ്രണ്ട് ടി.സുനിൽകുമാർ, ടെക്നിക്കൽ വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ബിനു ജോൺ, റെസി. അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് കെ. രാജേന്ദ്ര പ്രസാദ്, ട്രഷറർ പുഷ്പാംഗദൻ തുടങ്ങിയവർ ആശംസ നേർന്നു. റെസി. അസോസിയേഷൻ പ്രസിഡന്റ് എസ്.പുരുഷോത്തമൻ സ്വാഗതവും കേരളകൗമുദി ലേഖകൻ എഴുകോൺ സന്തോഷ് നന്ദിയും പറഞ്ഞു.
മത്സര ബുദ്ധിയുള്ള സമൂഹത്തിൽ ഏറ്റവും മികവുള്ളവർക്ക് മാത്രമേ നിലനിൽക്കാനാവൂ. ലഹരി മികവിനെ തകർക്കും.
അഡ്വ. രതീഷ് കിളിത്തട്ടിൽ,
പ്രസിഡന്റ്, എഴുകോൺ ഗ്രാമ പഞ്ചായത്ത്
ലഹരിക്കെതിരായ പോരാട്ടം ജീവിത വ്രതമാക്കണം. സമൂഹ നന്മയാകണം ജീവിത ലക്ഷ്യം.
അഡ്വ.ചക്കുവരയ്ക്കൽ ചന്ദ്രൻ
പ്രസിഡന്റ്, എഴുകോൺ റൂറൽ സഹകരണ സംഘം
ലഹരി മാഫിയയുടെ കൈകൾ നമുക്ക് ചുറ്റിനുമുണ്ട്. അതിനെ അതിജീവിക്കാൻ യുവതലമുറയെ ശാക്തീകരിക്കാൻ കേരളകൗമുദിയുടെ പ്രവർത്തനങ്ങൾ സഹായകമാകും.
ടി.സുനിൽകുമാർ, സൂപ്രണ്ട്,
ഗവ. ടി.എച്ച്.എസ് എഴുകോൺ
അച്ചടക്കമുള്ള സമൂഹത്തെ സൃഷ്ടിക്കാൻ അച്ചടക്കമുള്ള വ്യക്തികൾ ആവശ്യമാണ്. ലഹരി ഉപയോഗം വ്യക്തിത്വത്തെ ഇല്ലാതാക്കും.
ബിനു ജോൺ, പ്രിൻസിപ്പൽ,
ടെക്‌നിക്കൽ വി.എച്ച്.എസ്.ഇ
കുടുംബത്തിന്റെ പ്രതീക്ഷയ്ക്കൊപ്പം വളരാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിൽ അദ്ധ്യാപകർക്ക് വലിയ ചുമതലയുണ്ട്. വിദ്യാലയ പരിസരം ലഹരി മുക്തമാക്കാൻ തികഞ്ഞ ജാഗ്രത പുലർത്തണം.
കെ.രാജേന്ദ്ര പ്രസാദ്, സ്ഥാപക പ്രസിഡന്റ്,
നേതാജി നഗർ റെസി. അസോസിയേഷൻ
മാരകമായ രോഗങ്ങളിലേക്ക് നയിക്കുന്നതാണ് ലഹരി ഉപയോഗം.
പുഷ്പാംഗദൻ, ട്രഷറർ,
നേതാജി നഗർ റെസി. അസോസിയേഷൻ
കേരളകൗമുദിയുടെ ഉന്നത പാരമ്പര്യത്തെ അടയാളപ്പെടുത്തുന്നതാണ് ലഹരി മുക്ത കേരളത്തിനായുള്ള സെമിനാറുകൾ. വിദ്യാർത്ഥികളും പൊതുസമൂഹവും ആവേശത്തോടെയാണ് ഇതിനെ ഏറ്റെടുക്കുന്നത്.
എസ്. പുരുഷോത്തമൻ, പ്രസിഡന്റ്,
നേതാജി നഗർ റെസി. അസോസിയേഷൻ