എഴുകോൺ: വാക്കുകളുടെ മാസ്മരിക സ്മാഷ് കൊണ്ട് കേരളകൗമുദിയുടെ ലഹരിമുക്ത സെമിനാറിൽ ഹൃദ്യമായ പഠന ക്ലാസാണ് അസി. എക്സൈസ് കമ്മിഷണർ വി.രാജേഷ് നയിച്ചത്.

ആദ്യം ഫുട്ബാൾ ലഹരിയുടെ ആരവങ്ങളെ ഒപ്പം ചേർത്ത് ലോക കപ്പ് വേദിയിലേക്ക് സദസുമായുള്ള ഓടിക്കയറ്റം. പിന്നീട് ലഹരിക്ക് അടിമപ്പെട്ട് ഒറ്റപ്പെട്ട് ഇല്ലാതാകുന്ന മനുഷ്യരുടെ ആരവങ്ങളൊഴിഞ്ഞ ജീവിതക്കളങ്ങളിലേക്കുള്ള പടിയിറക്കം. ഫുട്ബാൾ ലോക കപ്പിന്റെയും പ്രമുഖ കളിക്കാരുടെയും ചരിത്രത്തിലൂടെ കടന്ന് രാജേഷ് യാഥാർത്ഥ്യങ്ങളെ വരച്ചിട്ടപ്പോൾ കേഴ്‌വിക്കാർ അക്ഷരാർത്ഥത്തിൽ തങ്ങളുടെ ഹൃദയങ്ങളിൽ ലഹരി വിരുദ്ധ പ്രതിജ്ഞയുടെ കൈയൊപ്പ് ചാർത്തുകയായിരുന്നു. വിദ്യാർത്ഥികളിലേക്ക് ലഹരി മുക്ത സന്ദേശം പകരാൻ കേരളകൗമുദി ഏറ്റെടുത്ത ഉദ്യമത്തിന് കരുത്ത് പകരുന്നതായിരുന്നു എഴുകോൺ ഗവ. ടെക്‌നിക്കൽ ഹൈസ്കൂളിലെ നിറഞ്ഞ വേദി.

ലഹരിയുടെ ഇരുട്ടിനെതിരെ തിരി തെളിച്ച്

നേതാജി നഗർ റെസി. അസോസിയേഷൻ

എഴുകോൺ നേതാജി നഗർ റെസി. അസോസിയേഷൻ ഭാരവാഹികളുടെയും പ്രവർത്തകരുടെയും ഉജ്ജ്വല സംഘടനാ മികവിന്റെ തെളിവായിരുന്നു കേരളകൗമുദിയുമായി ചേർന്നുള്ള ലഹരിവിരുദ്ധ സെമിനാർ.

വിദ്യാർത്ഥികളിൽ വായനാ ശീലം വളർത്താനുള്ള തുടർ പദ്ധതികൾക്കും അസോസിയേഷൻ രൂപം നൽകിയിട്ടുണ്ട്. ലഹരി മുക്ത കേരളത്തിനായി കൂടുതൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനുള്ള നിശ്ചയദാർഢ്യത്തിലാണ് അസോസിയേഷൻ.
എസ്.എൻ.ഡി.പി യോഗം എഴുകോൺ ശാഖയും വ്യാപാര സമൂഹവും ആരോഗ്യ, ധനകാര്യ സ്ഥാപനങ്ങളും ലഹരിക്കെതിരായ പോരാട്ടത്തിൽ ആവേശത്തോടെയാണ് കണ്ണി ചേർന്നത്. ശാഖാ പ്രസിഡന്റ് വി.മന്മഥൻ, സെക്രട്ടറി ടി.സജീവ്, ചാപ്രയിൽ ലാലി തുടങ്ങിയവർ യുവ തലമുറയെ ലഹരി മുക്തമാക്കുന്നതിന് ക്രിയാത്മക പരിപാടികൾ വേണമെന്ന കേരളകൗമുദിയുടെ നിലപാടിന് ഊർജ്ജം പകർന്നു.