കൊല്ലം: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിനിടെയുണ്ടായ വാക്കു തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരാൾ ഓച്ചിറ പൊലീസിന്റെ പിടിയിലായി. ഓച്ചിറ പായികുഴി ത്രീ റോസ്സസ് വീട്ടിൽ ബെല്ലാമോൻ എന്നു വിളിക്കുന്ന ആരിസ് മുഹമ്മദിനെ (39) യാണ് അറസ്റ്റ് ചെയ്തത്. 27ന് രാത്രിയിലായിരുന്നു സംഭവം. ക്ഷേത്രത്തിലെ തിരക്കിനിടെ അഖിലിന്റെ കൈ, ആരിസ് മുഹമ്മദിന്റെ ദേഹത്ത് തട്ടിയതിനെ തുടർന്നുണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രകോപിതനായ പ്രതി കയ്യിൽ കിട്ടിയ ഒഴിഞ്ഞ ബിയർ കുപ്പി ഉപയോഗിച്ച് അഖിലിനെയും സുഹൃത്തിനെയും ആക്രമിക്കുകയായിരുന്നു. പൊലീസ് ഇൻസ്‌പെക്ടർ എ.നിസ്സാമുദ്ദീന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ നിയാസ്, എം.എസ്.നാഥ്, എ.എസ്.ഐ മാരായ ഹരികൃഷ്ണൻ, മിനി എസ്.സി.പി.ഒ ശിവരാജൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.