കൊല്ലം: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ആദ്യ രണ്ട് ദിനങ്ങൾ പൂർത്തിയായപ്പോൾ ചാത്തന്നൂർ ഉപജില്ലയുടെ മുന്നേറ്റം. യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 216 പോയിന്റ് നേടിയാണ് ചാത്തന്നൂർ ഉപജില്ല മുന്നേറുന്നത്.

211 പോയിന്റ് നേടി കരുനാഗപ്പള്ളി ഉപജില്ല തൊട്ട് പിന്നിലുണ്ട്. 209 പോയിന്റുകൾ വീതം നേടിയ പുനലൂർ, കൊല്ലം ഉപജില്ലകളാണ് മൂന്നാം സ്ഥാനത്ത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 96 പോയിന്റ് നേടി കൊട്ടാരക്കര ഉപജില്ലയാണ് മുന്നിൽ നിൽക്കുന്നത്. 87 പോയിന്റ് നേടി ചാത്തന്നൂരും 86 പോയിന്റ് നേടി പുനലൂരും പിന്നിലുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ 102 പോയിന്റ് വീതം നേടി കൊല്ലം ഉപജില്ലയും വെളിയം ഉപജില്ലയും ഒന്നിച്ച് മുന്നേറുന്നു. 94 പോയിന്റ് നേടിയ ചാത്തന്നൂർ പിന്നിലുണ്ട്. യു.പി വിഭാഗത്തിൽ 46 പോയിന്റ് നേടി ചടയമംഗലം ഉപജില്ല മുന്നിൽ നിൽക്കുമ്പോൾ 40 പോയിന്റുകൾ വീതം നേടി ശാസ്താംകോട്ടയും കൊല്ലവും പിന്നിലുണ്ട്. രാത്രി വൈകിയും മത്സരങ്ങൾ നടന്നതിനാൽ ഫലങ്ങൾ വരുമ്പോൾ കാതലായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സംഘടകർ അറിയിച്ചത്.