തൊടിയൂർ: തെങ്ങിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവ് മണിക്കൂറുകളോളം പൊലീസിനേയും ഫയർഫോഴ്സിനെയും മുൾമുനയിൽ നിറുത്തി. ഒടുവിൽ സാഹസികമായി ഇയാളെ താഴെ ഇറക്കി. ഇടക്കുളങ്ങര റെയിൽവേ സ്റ്റേഷന് സമീപം താമസക്കാരനായ മനോജ് (45)ആണ് ഇന്നലെ രാത്രി 8 മണിയോടെ പൊക്കമേറിയ തെങ്ങിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.സംഭവം അറിഞ്ഞ് കരുനാഗപ്പള്ളി പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി താഴെ ഇറക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല.പലകുറി താഴേക്കും മുകളിലേക്കും കയറി ഇറങ്ങിയ ഇയാൾ രക്ഷാ പ്രവർത്തനം നടത്തിയവരെയും നാട്ടുകാരെയും അമ്പരിപ്പിച്ചു. വീടിനോട് ചേർന്നു നിന്ന തെങ്ങിലാണ് ഇയാൾ കയറിയത്. ഒടുവിൽ രാത്രി പത്ത് മണിയോടെ കെട്ടിടത്തിന്റെ ടെറസിലൂടെ കയറി ഫയർഫോഴ്സ് ഇയാളെ പിടികൂടി താഴെ ഇറക്കുകയായിരുന്നു. മുമ്പും ഇയാൾ ഇത്തരത്തിൽ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടുള്ളതായി പൊലീസ് പറഞ്ഞു.ഇയാളെ കസ്റ്റഡിയിലെടുത്ത്
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.