കൊല്ലം : കടയ്ക്കൽ താലൂക്കാശുപത്രിയുടെ പുരോഗതി ഉറപ്പാക്കാൻ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് സി.പി.എം കടയ്ക്കൽ ഏരിയ കമ്മിറ്റി ആഹ്വാനംചെയ്തു. രണ്ടുവർഷം തുടർച്ചയായി സംസ്ഥാന സർക്കാരിന്റെ കായകൽപ്പ്‌ അവാർഡ് ലഭിച്ച ആശുപത്രി ഈ വർഷം നാഷണൽ അക്രഡിറ്റേഷൻ അവാർഡ് കരസ്ഥമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ്. സ്ഥലം എം.എൽ.എയും മന്ത്രിയുമായ ജെ. ചിഞ്ചുറാണിയുടെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്റെയും നേതൃത്വത്തിൽ ഡോക്ടർമാരും ജീവനക്കാരും പ്രദേശത്തെ രാഷ്ട്രീയ നേതൃത്വവും ഒരുമനസായി നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് നേട്ടം കൈവരിക്കാനായത്. അത്യാധുനിനിക രീതിയിലുള്ള കുട്ടികളുടെ തീവ്രപരിചരണവിഭാഗം അടുത്തിടെയാണ്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌ ഉദ്ഘാടനംചെയ്തത്‌. പുതിയ കെട്ടിടത്തിന് 10 കോടി രൂപയും പ്രഖ്യാപിച്ചു.

കെട്ടിടം നിർമ്മിക്കുന്നതിനായി പഞ്ചായത്തിന്റെ അധീനതയിലുള്ള ഭൂമി വിട്ടുനൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാർ അറിയിച്ചു.

കടയ്ക്കൽ സീഡ് ഫാമിലെ തൊഴിലാളിയും കടയ്ക്കൽ വിപ്ലവനായകൻ ചന്തിരൻ കാളിയമ്പിയുടെ ചെറുമകളുമായ വനിതയെ ഫാമിൽ വളർത്തുന്ന കാളയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ സമയബന്ധിതമായി ചികിത്സ നൽകാൻ ജീവനക്കാർ തയ്യാറാകാതിരുന്ന സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗവും എച്ച് .എം .സി അംഗവുമായ എസ് .വിക്രമൻ പരിക്കേറ്റയാളിന് നിർബന്ധമായും ചികിത്സ നൽകണമെന്ന് കർശനമായി ആവശ്യപ്പെട്ടിരുന്നു. ഈ സംഭവം വളച്ചൊടിച്ച്‌ നിക്ഷിപ്ത താത്പ്പര്യക്കാരുടെ നേതൃത്വത്തിൽ ആശുപത്രി മാനേജ്‌മന്റ് കമ്മിറ്റിക്കെതിരെ കുപ്രചരണം നടത്തുകയാണ്. ആശുപത്രിയുടെ സമഗ്ര പുരോഗതിയും രോഗികളുടെ ക്ഷേമവും ഉറപ്പുവരുത്താൻ എല്ലാവരും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിക്കൊപ്പം അണിനിരക്കണമെന്ന് സി.പി.എം ഏരിയ സെക്രട്ടറി എം. നസീർ അഭ്യർത്ഥിച്ചു.