പുനലൂർ: ബൈക്കിൽ കടത്താൻ ശ്രമിച്ച ഒരു ലിറ്റർ വാറ്റ് ചാരായവുമായി യുവാവിനെ എക്സൈസും വനപാലകരും ചേർന്ന് പിടികൂടി. ചാലിയക്കര ഇഞ്ചപ്പള്ളി കമ്പിലൈൻ പുഷ്പ വിലാസത്തിൽ കണ്ണൻ എന്ന വിഷ്ണുവിനെയാണ് പിടികൂടിയത്. ഇന്നലെ ഉച്ചയോടെ ചാലിയക്കരയിൽ നിന്ന് മാമ്പഴത്തറയിലേക്ക് ബുള്ളറ്റിൽ പോകുന്നതിനിടെ വനപാതയിൽ വാഹന പരിശോധന നടത്തിയ സംയുക്ത സംഘം വ്യാജ ചാരായവുമായി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അമ്പനാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എം.അജയകുമാർ അറിയിച്ചു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അബുതൽഹാദ്,ബീറ്റ് ഫോറസ്റ്റ് ഓഫീസർ മുനീർ, എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീകുമാർ, ജീവനക്കാരായ ഷിഹാബുദ്ദീൻ,പ്രദീപ് കുമാർ, ഫോറസ്റ്റ് വാച്ചർ മധുസൂദനൻ എന്നിവരും ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്കൊപ്പം വാഹന പരിശോധനയിൽ പങ്കെടുത്തു.