phot
കൊല്ലം-തിരുമംഗലം ദേശിയ പാത കടന്ന് പോകുന്ന തെന്മല 13കണ്ണറ പാലത്തിന് സമീപത്ത് ഇടുങ്ങിയ പാതയോരത്തെ മണ്ണ് ഒലിച്ച് പോയ നലയിൽ

പുനലൂർ: മണ്ഡലകാലം ആരംഭിച്ചിട്ടും തീർത്ഥാടകർക്കായുള്ള മുന്നൊരുക്കങ്ങൾ എങ്ങുമെത്തിയില്ല.

ദേശീയ പാതയോരത്തെ അപകടക്കെണികൾ 'കെണികളായി'തന്നെ നിലനിൽക്കുന്നുണ്ട്. അയ്യപ്പന്മാരുടെ സുഗമമായ യാത്രയ്ക്ക് ദേശീയ പാതയോരത്തെ അപകടങ്ങൾ ഒഴിവാക്കാനോ, പാതയോരത്ത് അപകട സൂചനാബോ‌ർഡ് വെക്കാനോ അധികൃതർ തയ്യാറായിട്ടില്ല. അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം അയ്യപ്പ ഭക്തർ കടന്നു വരുന്ന കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ പുനലൂർ മുതൽ കോട്ടവാസൽ വരെയുള്ള ഭാഗത്താണ് അപകടങ്ങൾ പതിയിരിക്കുന്നത്.

ഉദ്യോഗസ്ഥർ ഉറപ്പ് നൽകി, പക്ഷേ പാലിച്ചില്ല

മണ്ഡലകാലം കണക്കിലെടുത്ത് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ രണ്ടാഴ്ച മുമ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ പുനലൂർ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗം ചേർന്നിരുന്നു. കൊടും വളവും കുത്തിറക്കവുമുള്ള സ്ഥലങ്ങളിൽ അപകട മേഖല സൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്നും പാതയോരങ്ങളിലെ കൂറ്റൻ കാടുകൾ നീക്കം ചെയ്യണമെന്നും ജനപ്രതിനിധികൾ യോഗത്തിൽ ഉന്നയിച്ചിരുന്നു. മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ദേശീയ പാത അധികൃതർ ഇക്കാര്യങ്ങൾക്കെല്ലാം പരിഹാരം ചെയ്യാമെന്ന് ഉറപ്പ് നൽകിയിരുന്നു.എന്നാൽ അപകട മേഖലകളിൽ ഒന്നും തന്നെ ഉദ്യോഗസ്ഥർ ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല.

പാർശ്വഭിത്തി ഇടിഞ്ഞു, മണ്ണൊലിപ്പും

ചരക്ക് ലോറികൾക്ക് പുറമെ ദിവസവും ശബരിമല തീർത്ഥാടകരുടെ നൂറു കണക്കിന് വാഹനങ്ങളാണ് ഇതുവഴി പുനലൂരിലേക്ക് വരുന്നതും പോകുന്നതും. പുനലൂർ മുതൽ കോട്ടവാസൽ വരെയുള്ള ഭൂരിഭാഗം പ്രദേശങ്ങളിലെയും പാതയോരങ്ങളിലെ മണ്ണ് മഴ വെള്ളത്തിൽ ഒലിച്ച് പോയി കുണ്ടും കുഴിയുമായി മാറിയിരിക്കുകയാണ്. അതിനൊപ്പം പാതയോരങ്ങളിലെ ഇടിഞ്ഞ് ഇറങ്ങിയ പാർശ്വഭിത്തികൾ പുനർ നിർമ്മിക്കാനും തയ്യാറായിട്ടില്ല. ആര്യാങ്കാവിലെ മുരുകൻ പാഞ്ചാലി, ഇടപ്പാളയം,ഇടമൺ കുന്നുംപുറം, കലയനാട്,വാളക്കോട് തുടങ്ങിയ നിരവധി സ്ഥലങ്ങളിലാണ് പാർശ്വഭിത്തി ഇടിഞ്ഞ് പോയത്. കഴുതുരുട്ടി ആറ്റ് തീരത്തെ തെന്മല 13കണ്ണറ പാലത്തിന് സമീപത്തെ ഇടുങ്ങിയ പാതയോത്ത് മണ്ണ് ഒലിച്ച് പോയിട്ടുണ്ട്. ഇടുങ്ങിയ പാതയോരത്ത് ക്രാഷ്ബാരിയർ സ്ഥാപ്പിച്ചിട്ടുണ്ടെങ്കിലും റോഡിന്റെ സൈഡിലൂടെ നടന്ന് പോകാൻ കഴിയാത്ത അവസ്ഥയാണ്.