കൊല്ലം: ഇരവിപുരം ആർ.ഒ.ബിയുടെ റെയിൽവേ ലൈനിന് മുകളിലും തൊട്ട് ചേർന്നുമുള്ള ഭാഗങ്ങളുടെ നിർമ്മാണത്തിന് കരാറായി. ഇരവിപുരത്തെയും ചിറയിൻകീഴിലെയും ആർ.ഒ.ബിയുടെ റെയിൽവേ ഭാഗത്തിന്റെ നിർമ്മാണത്തിന് 14 കോടിയുടെ കരാറാണ് കഴിഞ്ഞ ദിവസം ആന്ധ്രാസ്വദേശിയുമായി ഒപ്പിട്ടത്.
ഇതിൽ ഏകദേശം ഏഴ് കോടിയാണ് ഇരവിപുരത്തെ കരാർ തുക.
കരാർ വൈകുന്ന കാര്യം കേരളകൗമുദി നിരന്തരം റിപ്പോർട്ട് ചെയ്തതോടെയാണ് നടപടികൾ വേഗത്തിലായത്.
റെയിൽവേയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ കരാർ നീളുന്നത് ആർ.ഒ.ബിയുടെ നിർമ്മാണ പുരോഗതിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ആർ.ഒ.ബി മാർച്ചിൽ പൂർത്തിയാക്കാനായിരുന്ന ഇരുവശങ്ങളിലെയും നിർമ്മാണ നിർവഹണ ഏജൻസിയായ ആർ.ബി.ഡി.സി.കെയുടെ തീരുമാനം.
എന്നാൽ, റെയിൽവേയുടെ മെല്ലപ്പോക്ക് മറ്റ് നിർമ്മാണത്തെയും ബാധിക്കുന്ന അവസ്ഥയിലായിരുന്നു. പാലത്തിന് ആകെ 68 പൈലുകളാണുള്ളത്. ഇതിൽ റെയിൽവേ ലൈനിന് മുകളിലുള്ള നിർമ്മാണത്തിന് ആവശ്യമായ 24 പൈലുകൾ അതിന് മുകളിലുള്ള നാല് സ്റ്റീൽ തൂണുകൾ, എട്ട് ഗർഡറുകൾ, കോൺക്രീറ്റ് സ്ലാബുകൾ എന്നിവയാണ് റെയിൽവേ നിർമ്മിക്കാനുള്ളത്. അടുത്തമാസം പകുതിയോടെ ഇവയുടെ നിർമ്മാണം ആരംഭിക്കണമെന്നാണ് റെയിൽവേ കരാറുകാരന് നൽകിയിട്ടുള്ള നിർദ്ദേശം.
റെയിൽവേ ലൈനിന് ഇരുവശവുമുള്ള എട്ട് സ്റ്റീൽ തൂണുകളുടെ(പിയർ) നിർമ്മാണം പൂർത്തിയായി. തൂണുകൾക്ക് മുകളിൽ 40 ഗർഡുകളാണ് ആകെ സ്ഥാപിക്കേണ്ടത്. ഇതിൽ 32 എണ്ണം റെയിൽവേ ലൈനിന് ഇരുവശങ്ങളിലുമാണ്. സ്റ്റീൽ കൊണ്ടുള്ള ഗർഡറുകളുടെ നിർമ്മാണം തൃച്ചിയിൽ പുരോഗമിക്കുകയാണ്. ഇവ ഡിസംബർ അവസാനത്തോടെ സ്ഥാപിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ഗർഡറുകൾക്ക് മുകളിൽ വാഹനങ്ങൾക്ക് സഞ്ചരിക്കാനുള്ള സ്ലാബുകൾ കോൺക്രീറ്റ് കൊണ്ടാണ്. ഇവയും മാർച്ചോടെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.
ബുദ്ധിമുട്ട് തുടരുന്നു
ആർ.ഒ.ബി നിർമ്മാണത്തിനായി ജനുവരി പകുതിയോടെയാണ് ഇരവിപുരം റെയിൽവേ ഗേറ്റ് അടച്ചത്. അന്ന് മുതൽ ജനം വട്ടം കറങ്ങുകയാണ്. വീതി തീരെയില്ലാത്ത ഇടറോഡുകളാണ് ജനങ്ങൾക്ക് പിന്നെയുള്ള ആശ്രയം. തിരക്കേറിയ സമയങ്ങളിൽ ഈ റോഡുകളിൽ കുരുക്കും രൂക്ഷമാണ്. അതുകൊണ്ട് ലക്ഷ്യസ്ഥാനങ്ങളിൽ പലർക്കും കൃത്യസമയത്ത് എത്താനാകുന്നില്ല. അത്യാഹിതം സംഭവിക്കുന്നവരെ ആശുപത്രിയിലെത്തിക്കാനും വലിയ ബുദ്ധിമുട്ടാണ്.