കൊല്ലം : കോൺഗ്രസ് ശൂരനാട് തെക്ക് മണ്ഡലം കമ്മിറ്റിയിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടർന്ന് പഞ്ചായത്തംഗം ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. കോൺഗ്രസ് മണ്ഡലം ഭാരവാഹിയും ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡറുമായ ബിജു രാജൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രതീഷ് കുറ്റിയിൽ, മണ്ഡലം പ്രസിഡന്റ് കൊമ്പിപ്പിള്ളിൽ സന്തോഷ് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെ കോയിക്കൽ ചന്തയിൽ വച്ച് നടന്ന മണ്ഡലം കമ്മിറ്റി യോഗത്തിലാണ് സംഘർഷം നടന്നത്. പതാരം സർവീസ് സഹകരണ ബാങ്കിലെ നിയമനങ്ങളെ ചൊല്ലി കോൺഗ്രസിൽ ഉയർന്ന വിവാദങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. യോഗ നടപടികളുടെ ഭാഗമായി സ്വാഗതം പറയുമ്പോൾ തന്നെ നേതാക്കളും പ്രവർത്തകരും തമ്മിൽ ആരംഭിച്ച അഭിപ്രായ വ്യത്യാസങ്ങളാണ് പിന്നീട് സംഘട്ടനത്തിൽ കലാശിച്ചത്. മണ്ഡലം പ്രസിഡന്റ് കൊമ്പിപ്പിള്ളിൽ സന്തോഷിനെ അനുകൂലിക്കുന്ന ഔദ്യോദിക വിഭാഗവും പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഡി.സി.സി മുൻ ഉപാദ്ധ്യക്ഷൻ കെ.കൃഷ്ണൻകുട്ടി നായരെ അനുകൂലിക്കുന്ന വിമത വിഭാഗവും തമ്മിലാണ് ഏറ്റുമുട്ടിയത്. ആസൂത്രിതമായി പ്രശ്നങ്ങൾ ഉണ്ടാക്കാൻ പുറത്തു നിന്ന് ഗുണ്ടകളെ എത്തിച്ചതായി ഇരുവിഭാഗവും പരസ്പരം ആരോപിക്കുന്നു. സംഭവം സംബന്ധിച്ച് ഇരുകൂട്ടരും ശൂരനാട് പൊലീസിൽ പരാതി നൽകി.