അഞ്ചൽ: ഇശൽ തേൻകണം അനുവാചക ഹൃദയങ്ങളിൽ നിറച്ച് മൈലാഞ്ചി മൊഞ്ചുള്ള പെണ്ണുങ്ങൾ വേദിയിൽ നിറഞ്ഞു, പാട്ടിനൊത്ത് കൈകൊട്ടിക്കളിച്ചവർ ഒപ്പന തകർത്തപ്പോൾ മണവാട്ടിപ്പെണ്ണിന് നാണം. കാഴ്ചക്കാരുടെ മുഖത്ത് പതിന്നാലാം രാവിന്റെ മൊഞ്ച്!,​ പെരുന്നാളിന് ചന്ദ്രപ്പിറവി കണ്ട സന്തോഷവും. വേദിയിലുയരുന്ന ഇശലുകൾക്കൊപ്പം കൈത്താളമിട്ട് ചാഞ്ഞും ചരിഞ്ഞും ചിരിച്ചുല്ലസിച്ചും പന്തൽ നിറയെ ആസ്വാദകർ. കലോത്സവത്തിന്റെ മൂന്നാം നാൾ ഒന്നാം വേദിയിൽ മൊഞ്ചത്തിമാർ ശരിക്കും ഇശൽമഴ പെയ്യിച്ചു. വൃശ്ചിക പകൽച്ചൂടിന്റെ തീക്ഷ്ണതയിലും ഒപ്പനക്കാഴ്ച കാണാൻ തുടക്കംമുതൽ ആളേറെയുണ്ടായിരുന്നു. രാത്രി വൈകിയും അരങ്ങൊഴിയാതെ മൈലാഞ്ചിപ്പെണ്ണുങ്ങൾ രാവിന് ചാരുത പകർന്നു.