car
ദേശീയപാതയിൽ പൊളിച്ചുനീക്കലിനിടെ കൂറ്റൻ ബോർഡ് പതിച്ച് തകർന്ന കാർ

കൊല്ലം: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള പൊളിച്ചുനീക്കലിനിടെ കൂറ്റൻ ബോർഡ് പതിച്ച് കാർ തകർന്നു. കൊല്ലം മുണ്ടയ്ക്കൽ സ്വദേശി ജയവർമ്മയുടെ ഉടമസ്ഥതിയിൽ ശീമാട്ടി കുരിശിൻമൂട്ടിൽ പ്രവർത്തിക്കുന്ന വാഹന ഷോറൂമിന് മുമ്പിൽ പാർക്കുചെയ്തിരുന്ന മാരുതി എസ് പ്രസോ കാറാണ് പൂർണമായും തകർന്നത്. യാതൊരു മുൻകരുതലും സ്വീകരിക്കാതെ നടത്തിയ പൊളിക്കലാണ് അപകടത്തിനിടയാക്കിയത്.

ഇന്നലെ വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം. തൊട്ടടുത്തുള്ള ഇന്ത്യൻ ഓയിൽ പമ്പിന്റെ മുന്നിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ബോർഡ് ക്രെയിൻ ഉപയോഗിച്ച് നീക്കുന്നതിനിടയിൽ കാറിന് മുകളിലേയ്ക്ക് പതിക്കുകയായിരുന്നു.

ഓയിൽ കമ്പനിയുടെ കരാറുകാരായ ക്രെയിൻ സർവ്വീസുകാരാണ് ബോർഡ് പൊളിച്ചുനീക്കിയത്. തൊട്ടടുത്ത് വാഹനങ്ങൾ ഉണ്ടായിട്ടും ബോർഡ് പൊളിക്കുന്ന വിവരം സ്ഥാപന ഉടമകളെ അറിയിക്കാൻ ക്രെയിൻ സർവ്വീസുകാർ തയ്യാറായില്ല. പൊളിക്കൽ ശബ്ദം കേട്ട് ജീവനക്കാർ വാഹനം നീക്കാൻ എത്തുന്നതിനിടെയാണ് ബോർഡ് മുകളിൽ പതിച്ചത്. ജീവനക്കാരൻ അല്പം നേരത്തെ എത്തിയിരുന്നെങ്കിൽ കാറിനുള്ളിൽപ്പെട്ട് വൻ അത്യാഹിതം സംഭവിച്ചേനേ.

സമാനമായ തരത്തിൽ യാതൊരുവിധ മുൻകരുതലും സ്വീകരിക്കാതെയാണ് മറ്റ് പലയിടങ്ങളിലും പൊളിച്ചുനീക്കൽ നടന്നത്.

ഷോറൂമിൽ വിൽപ്പനയ്ക്കായി പ്രദർശിപ്പിച്ചിരുന്ന 2021 മോഡൽ കാറാണ് തകർന്നത്. രണ്ടരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. എന്നാൽ, നഷ്ടപരിഹാരം നൽകാൻ ക്രെയിൻ സർവ്വീസുകാർ തയ്യാറല്ല. ഷോറൂം ഉടമ ചാത്തന്നൂർ പൊലീസിൽ പരാതി നൽകി.