 
വടക്കാഞ്ചേരി: എല്ലാവിധ അർബുദ ചികിത്സാ സൗകര്യങ്ങളും ഒരു കുടക്കീഴിലാക്കുകയെന്ന ലക്ഷ്യത്തോടെ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ചെസ്റ്റ് ആശുപത്രിയിൽ സർജിക്കൽ ഓങ്കോളജി വിഭാഗത്തിന് തുടക്കം. വിഭാഗത്തിലെ ഓപറേഷൻ തിയറ്ററിന്റെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർവഹിച്ചു.
മറ്റ് ചികിത്സാവകുപ്പുകളുടെ സർജറി വിഭാഗത്തിലായിരുന്നു കാൻസർ രോഗികൾക്കുള്ള ശസ്ത്രക്രിയകളെല്ലാം നടന്നിരുന്നത്. എന്നാൽ ചെസ്റ്റ് ആശുപത്രിയിൽ പ്രത്യേക സർജിക്കൽ ഓങ്കോളജി വിഭാഗം തുടങ്ങിയതിനാൽ അർബുദ ചികിത്സയ്ക്കെത്തുന്ന ഇത് ഏറെ ആശ്വാസമാകും.
സർക്കാർ അനുവദിച്ച 2 കോടി രൂപ ഉപയോഗിച്ചാണ് സർജിക്കൽ ഓങ്കോളജിക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങിയത്. മറ്റ് പ്രവൃത്തികൾ പി.ഡബ്ലിയു.ഡി അതിവേഗം പൂർത്തീകരിക്കുകയാണ്. ആശുപത്രിയിലെ ന്യൂ ഡേ കെയർ സെന്ററിലാണ് സർജിക്കൽ ഓങ്കോളജി വിഭാഗം ഒ.പിയുടെ പ്രവർത്തനം. ശസ്ത്രക്രിയാ വിഭാഗം ആശുപത്രിക്ക് അകത്തുതന്നെയാണ് സജ്ജമാക്കിയിട്ടുള്ളത്.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി. ഷീല അദ്ധ്യക്ഷയായി. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. നിഷ എം. ദാസ്, നെഞ്ചുരോഗാശുപത്രി ആർ.എം.ഒ ഡോ. നോനം ചെല്ലപ്പൻ, റേഡിയോ തെറാപ്പി വിഭാഗം മേധാവി ഡോ. സുരേഷ് കുമാർ, നെഞ്ചുരോഗാശുപത്രി സൂപ്രണ്ട് ഷഹന എ. ഖാദർ, സർജിക്കൽ ഓങ്കോളജി വിഭാഗത്തിലെ ഡോ. ശരത് കൃഷ്ണൻ എന്നിവർ സംസാരിച്ചു.
കാൻസർ ദിനത്തിൽ തുറക്കും
ഫെബ്രുവരി നാലിന് ലോക കാൻസർ ദിനത്തിൽ വിവിധ പ്രവൃത്തികൾ പൂർത്തീകരിച്ച് കാൻസർ ചികിത്സയും അനുബന്ധ പരിശോധനകളും ശസ്ത്രക്രിയകളും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനാണ് ശ്രമം. ആ തീവ്ര ശ്രമത്തിലേക്കുള്ള ആദ്യ ചുവടുവയ്പാണ് ഇന്നലത്തെ ഉദ്ഘാടനം. തൃശൂർ മെഡിക്കൽ കോളേജ് ഓങ്കോളജി വിഭാഗം ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുന്നതിനാൽ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ രോഗികൾക്ക് ദീർഘദൂരം യാത്ര ചെയ്ത് തിരുവനന്തപുരം ആർ.സി.സി യെ സമീപിക്കേണ്ടി വരുന്ന സ്ഥിതിക്ക് ക്രമേണ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
മദ്ധ്യകേരളത്തിലെ പ്രധാന കാൻസർ ചികിത്സാ കേന്ദ്രമായി മെഡിക്കൽ കോളേജ് ചെസ്റ്റ് ഹോസ്പിറ്റലിനെ ഉയർത്തുന്നതിനായി ഇടപെടും.
- സേവ്യർ ചിറ്റിലപ്പിള്ളി, എം.എൽ.എ