 
വെള്ളാങ്ങല്ലൂർ: പഞ്ചായത്തിൽ കേരളപ്പിറവി ദിനാഘോഷം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വിപുലമായ പരിപാടികളോടെ നടത്തി. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് അദ്ധ്യക്ഷനായി. ഗുണഭോക്താക്കൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രനും, മരുന്ന് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയഘോഷും നിർവഹിച്ചു. ജിയോ ഡേവിസ്, ഷറഫുദ്ദീൻ, സിന്ധു ബാബു, സുജൻ പൂപ്പത്തി തുടങ്ങിയവർ സംസാരിച്ചു. ലഹരിക്കെതിരെ സുധീഷ് അമ്മവീട് അവതരിപ്പിച്ച മോചനം, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ രാഘവൻ അവതരിപ്പിച്ച മകൾക്കായ് എന്നീ നാടകങ്ങൾ അരങ്ങേറി. വൈകിട്ട് ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ സമാപനത്തിന്റെ ഭാഗമായി കോണത്ത്കുന്ന് മുതൽ വെള്ളാങ്ങല്ലൂർ വരെ പ്രതിരോധ ചങ്ങല തീർത്ത് പ്രതിജ്ഞയെടുത്തു.