പുതുക്കാട്: മാട്ടുമലയിലെ നിർദിഷ്ട വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിനായി സ്ഥലം വിട്ടുകിട്ടുന്നതിനാവശ്യമായ നടപടികൾ പൂർത്തിയാക്കാൻ മണ്ഡലത്തിലെ ജല അതോറിറ്റിയുടെ കീഴിലുള്ള കുടിവെള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിൽ തീരുമാനം. കെ.കെ. രാമചന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. ഓരോ പഞ്ചായത്തിലും ജലജീവൻ മിഷൻ പദ്ധതി പ്രകാരമുള്ള പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനും അതിനായി പഞ്ചായത്തുതലത്തിൽ ജല അതോറിറ്റി ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരുടെ യോഗം ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനിച്ചു. ബ്ലോക്ക് പ്രസിഡന്റ് എം.ആർ. രഞ്ജിത്, വൈസ് പ്രസിഡന്റ് ഷീല മനോഹരൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എം. ബാബുരാജ്, പ്രിൻസൺ തയ്യാലക്കൽ, വരന്തരപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകൻ, ടെസി തോമസ് എന്നിവരും ജനപ്രതിനിധികളായ ദിവ്യ സുധീഷ്, ജിജോ ജോൺ, പി.എസ്. പ്രീജു. വി.എ. റഷീദ്, പഞ്ചായത്ത് സെക്രട്ടറിമാരായ ഉമ ഉണ്ണിക്കൃഷ്ണൻ, എം.ശാലിനി, ജല അതോറിറ്റി നാട്ടിക പ്രൊജക്ട് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ ഇ.എ. ബെന്നി, അസി എൻജിനിയർമാരായ വി. ജയകുമാർ, ഷൈൻ, പി.ഡബ്ലു.ഡി അസിസ്റ്റന്റ് എൻജിനിയർ ഷീന ജോസഫ് തുടങ്ങിയ ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു.