പാവറട്ടി: എളവള്ളി പഞ്ചായത്തിലെ ആസ്തി വിവരക്കണക്കുകൾ ഇനിമുതൽ വിരൽത്തുമ്പിൽ ലഭ്യമാകും. കഴിഞ്ഞ വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം തുടങ്ങിവച്ച ആസ്തി വിവരങ്ങൾ കാലികമാക്കൽ പദ്ധതിയുടെ റിപ്പോർട്ട് സമർപ്പിച്ചു. നാല് ലക്ഷം രൂപയാണ് വാർഷിക പദ്ധതിയിൽ വകയിരുത്തിയിരുന്നത്. ഇനിമുതൽ ഏത് പദ്ധതി തയ്യാറാക്കുമ്പോഴും വിരൽത്തുമ്പിൽ വിവരങ്ങൾ ലഭിക്കുന്നതിന് സാദ്ധ്യമാകുന്ന വിധത്തിലാണ് വിവര ശേഖരണം നടത്തിയിട്ടുള്ളത്.
എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്‌സ് സി.എസ്.ആർ.ഡി ഡയറക്ടർ സി.ആർ. ജയരാജന്റെ പക്കലിൽ നിന്നും റിപ്പോർട്ട് ഏറ്റുവാങ്ങി. ജനപ്രതിനിധികളായ ബിന്ദു പ്രദീപ്, കെ.ഡി. വിഷ്ണു, എൻ.ബി. ജയ, ടി.സി. മോഹനൻ, ജീന അശോകൻ, സീമ ഷാജു, സൗമ്യ രതീഷ്, സെക്രട്ടറി എ.എൽ. തോമസ്, എൽ.എസ്.ജി.ഡി അസി. എൻജിനീയർ ബാബു കെ.പോൾ, സി.എസ്.ആർ.ഡി ഫീൽഡ് കോ-ഓർഡിനേറ്റർ ടി.എസ്. അർജ്ജുൻ എന്നിവർ പങ്കെടുത്തു.

വിരൽത്തുമ്പിലെ വിവരങ്ങൾ ഇപ്രകാരം
പഞ്ചായത്തിലെ തോടുകൾ, കനാലുകൾ, ചാലുകൾ, പൊതുകുളങ്ങൾ, പൊതു കിണറുകൾ, സർക്കാർ കെട്ടിടങ്ങൾ, അംഗൻവാടികൾ, റോഡുകൾ, കൽവർട്ടുകൾ, പാലങ്ങൾ, കളിസ്ഥലം എന്നിവയുടെ നീളവും വീതിയും പൂർണ വിവരങ്ങളും. റോഡുകളെ സംബന്ധിച്ച് ടാറിംഗോ കോൺക്രീറ്റോ മൺറോഡോ എന്ന വിവരവും. ജില്ലയിലെ ചുരുക്കം പഞ്ചായത്തുകളിലാണ് ഈ വിവരശേഖരണ റിപ്പോർട്ട് നിലവിലുള്ളത്. സെന്റർ ഫോർ സോഷ്യൽ ആൻഡ് റിസോഴ്‌സ് ഡെവലപ്‌മെന്റ് ഏജൻസി വഴി ആറു പേരടങ്ങുന്ന സംഘം എട്ടുമാസം കൊണ്ടാണ് റിപ്പോർട്ട് തയ്യാറാക്കിയത്.