പാവറട്ടി: ഹർത്താൽ അക്രമം നടത്തിയ പോപ്പുലർ ഫ്രണ്ട് മുല്ലശ്ശേരി ഏരിയ പ്രസിഡന്റ് റിമാൻഡിൽ. വെങ്കിടങ്ങ് രായംമരക്കാർ വീട്ടിൽ ഹുസൈൻ മകൻ പി.എച്ച്. മിഷാൽ എന്ന പാമ്പാടി മിഷാൽ (38) നെയാണ് പാവറട്ടി ഇൻസ്‌പെക്ടർ എം.കെ. രമേഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പി.എം. രതീഷ്, ജോഷി, എ.എസ്.ഐ: സുധീഷ്, സി.പി.ഒമാരായ അനീഷ്, ശിവപ്രസാദ്, പ്രമോദ് എന്നിവർ ചേർന്ന് നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് ദേശീയ നേതാക്കളെ എൻ.ഐ.എ. അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സെപ്തംബർ 23ന് പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്തുടനീളം പ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയും യാത്രക്കാരെ ആക്രമിക്കുകയും കെ.എസ്.ആർ.ടി.സി ഉൾപ്പടെയുള്ള പൊതു,സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ച് നാശനഷ്ടമുണ്ടാക്കുകയും ചെയ്തിരുന്നു. പാവറട്ടി സ്റ്റേഷൻ പരിധിയിലെ എളവള്ളി പഞ്ചായത്തിൽ വാകയിലെ രണ്ടു കടകളിൽ വടിവാളുമായി വന്ന് അക്രമം നടത്തിയതിനും സമാന രീതിയിൽ താമരപ്പള്ളിയിൽ കള്ളുമായി വന്ന രണ്ടു പിക്കപ്പ് വാനുകൾ തടഞ്ഞ് തല്ലിത്തകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തതിന് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. രണ്ടു കേസിലുമായി പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പടെ 6 പേരെ ഇതിനകം പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആ പ്രതികൾ റിമാൻഡിൽ കഴിഞ്ഞു വരികയാണ്. കേസിൽ ഉൾപ്പെട്ടതിനെത്തുടർന്ന് മിഷാൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. വിസിറ്റിംഗ് വിസ സംഘടിപ്പിച്ച് രഹസ്യമായി ദുബായിലേക്ക് കടക്കാൻ തയ്യാറെടുത്ത് ചൊവ്വാഴ്ച രാത്രി 11 മണിക്കുള്ള ഫ്‌ളൈറ്റിൽ പോകുന്നതിനായി പ്രതി പുറപ്പെട്ടുവെന്ന വിവരം അറിഞ്ഞ് പാവറട്ടി പൊലീസ് പിന്തുടർന്ന് തന്ത്രപരമായി എയർപോർട്ടിൽ വച്ച് പിടികൂടുകയുമായിരുന്നു. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.