പാവറട്ടി: കഴിഞ്ഞ ദിവസം തോളൂർ പഞ്ചായത്തിലെ എടക്കളത്തൂർ മേഖലയിൽ നാട്ടുകാരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷ ബാധയുള്ളതയി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാവിലെ മുതൽ ആക്രമണം തുടങ്ങിയ നായ പത്തോളം പേരെയാണ് കടിച്ചത്. ഡോഗ് സ്‌ക്വാഡ് എത്തി നായയെ പിടികൂടിയെങ്കിലും നായ ചത്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. പ്രദേശത്തെ മറ്റു നായ്ക്കൾക്ക് പേ വിഷബാധയുള്ളതായി അറിയാൻ സാധിച്ചിട്ടില്ല. ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
തോളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. പോൾസണിന്റെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്ന് അടിയന്തര നടപടികൾക്ക് രൂപം നെൽകി. പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികൾ, തോളൂർ സി.എച്ച്.സി സൂപ്രണ്ട് ഡോ. കിഷോർ കുമാർ, തോളൂർ വെറ്ററിനറി സർജൻ ഡോ. ഷിബു, ഹെൽത്ത് ഇൻസ്പക്ടർ ഉണ്ണിക്കൃഷ്ണൻ തുടങ്ങിയ ഉദ്യോഗസ്ഥരും പങ്കെടുത്തു. തുടർന്നു വരുന്ന പ്രതിരോധ കുത്തിവയ്പ് ഉർജിതപ്പെടുത്തും. തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരണം ചെയ്യുന്നത് വ്യാപകമാക്കും. വ്യാഴാഴ്ച മുതൽ എടക്കളത്തൂർ മേഖല ഉൾപ്പെടെ ബോധവത്കരണ പ്രചാരണ പരിപാടികൾ നടത്തും. തെരുവ് നായയുടെ ആക്രമണത്തിൽ കടിയേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട എന്നും ശ്രദ്ധയോടെ മുൻകരുതൽ എടുക്കണമെന്നും പഞ്ചായത്തുതല അവലോകന യോഗം അറിയിച്ചു. പേവിഷബാധ സ്ഥിരീകരിച്ച തെരുവ് നായ കൂടുതൽ നായകളെയും മൃഗങ്ങളെയും ആക്രമിച്ചിട്ടുണ്ടോ എന്ന ആശങ്കയിലാണ് നാട്ടുകാർ.