
തൃശൂർ: വിദ്യാർത്ഥികളുടെ നൈപുണ്യ വികസനത്തിന് 18 സർക്കാർ സ്‌കൂളുകളിൽ സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകൾക്ക് അനുമതി. ഓരോ ബ്ലോക്ക് റിസോഴ്‌സ് സെന്ററിനും കീഴിലുള്ള ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലാകും സെന്റർ. വി.എച്ച്.എസ്.ഇ ഇല്ലാത്തിടത്ത് ഹയർ സെക്കൻഡറി സ്‌കൂളുകളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.
സർവശിക്ഷാ കേരള 'സ്റ്റാർസ്' ഫണ്ടിൽ നിന്നും 21.5 ലക്ഷമാണ് വകയിരുത്തുന്നത്. ലോകബാങ്ക് പദ്ധതി വഴി പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതിയാണ് ലക്ഷ്യം. കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലാണ് സ്റ്റാർസ് നടപ്പാക്കുന്നത്. സംസ്ഥാനത്തിന് 236 സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകൾ ആരംഭിക്കും.
ഒരു സെന്ററിൽ 25 കുട്ടികൾ വീതം രണ്ട് ബാച്ചുകളുണ്ടാകും. പ്രായപരിധി 15- 21. 18 വയസിന് താഴെയുള്ളവർക്ക് പ്രഥമ പരിഗണന. പ്രത്യേക പരിഗണന ആവശ്യമുള്ള വിഭാഗത്തിലെ കുട്ടികളുടെ പ്രായപരിധി 25. എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്കും പ്രത്യേക പരിഗണന ആവശ്യമുള്ളവർക്കും സംവരണമുണ്ട്. അഭയകേന്ദ്രങ്ങളിൽ അന്തേവാസികളായ വിദ്യാർത്ഥികൾക്ക് അർഹമായ പരിഗണന നൽകും.
ഗുണഭോക്താക്കൾ
ആദിവാസി തീരദേശം തോട്ടം മേഖലയിലെ കുട്ടികൾ, അതിഥി തൊഴിലാളികളുടെ കുട്ടികൾ, അംഗവൈകല്യമുള്ള കുട്ടികൾ, 'സ്‌കോൾ കേരള'യിൽ രജിസ്റ്റർ ചെയ്ത് ഓപ്പൺ സ്‌കൂൾ വിദ്യാഭ്യാസത്തിൽ പഠിക്കുന്നവർ, ഹയർ സെക്കൻഡറി വി.എച്ച്.എസ്.ഇ പഠനം പൂർത്തിയാക്കിയവർ, നിലവിൽ പഠിക്കുന്നവർ എന്നിവരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പദ്ധതി നടപ്പാക്കുന്ന മേഖലകൾ
പ്രീസ്‌കൂൾ വിദ്യാഭ്യാസം
അദ്ധ്യാപക പരിശീലനം
അക്കാഡമിക മാനേജ്‌മെന്റ്
തൊഴിൽ നൈപുണി വിദ്യാഭ്യാസം