കാരമുക്ക് പതിനെട്ടാം വാർഡ് പ്രതീക്ഷ അംഗൻവാടി.
കാഞ്ഞാണി: സാമൂഹിക പ്രവർത്തകരുടെ ലിസ്റ്റ് നൽകാത്തതിനാൽ മണലൂർ, അന്തിക്കാട്, അരിമ്പൂർ, താന്ന്യം, ചാഴൂർ പഞ്ചായത്തുകളിലെ അംഗൻവാടി സ്ഥിരനിയമനം പ്രതിസന്ധിയിൽ. അംഗൻവാടി നിയമന സെലക്ഷൻ കമ്മിറ്റിയിലേക്ക് പഞ്ചായത്തുകൾ യഥാസമയം അഞ്ച് സാമൂഹിക പ്രവർത്തകരുടെ ലിസ്റ്റ് വനിതാ ശിശുവികസന വകുപ്പിലേക്ക് നൽകാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ബ്ലോക്ക് പ്രസിഡന്റ്, ബ്ലോക്ക് മെമ്പർ, പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, സി.ഡി.പി.ഒ, മെഡിക്കൽ ഓഫീസർ ഉൾപ്പെടെ അഞ്ച് സാമൂഹിക പ്രവർത്തകർ അടങ്ങുന്ന പതിനൊന്നംഗ സെലക്ഷൻ കമ്മിറ്റിയാണ് നിയമനം നടത്തുന്നത്.
നിയമനം നടക്കാത്തതിനാൽ താത്കാലിക വർക്കർമാരെയും ഹെൽപ്പർമാരെയും ആറ് മാസ കാലയളവിലേക്ക് തിരഞ്ഞെടുത്ത് വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഓഫീസറുടെ അംഗീകാരത്തോടെയാണ് നിലവിൽ നിയമിക്കുന്നത്. മണലൂരിൽ പതിനഞ്ച് ഹെൽപ്പർ, നാല് വർക്കർ തസ്തികയിലാണ് ഒഴിവുള്ളത്. മറ്റ് പഞ്ചായത്തുകളിൽ ഒന്നോ രണ്ടോ ഹെൽപ്പർ തസ്തികയുമുണ്ട്.
ഇടയ്ക്കിടെ തസ്തികയിലെ ആളുകൾ മാറുന്നത് അംഗൻവാടിയിലെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. അന്തിക്കാട് പഞ്ചായത്ത് ഒഴികെ നാല് പഞ്ചായത്തുകളിലേക്കും ജൂൺ 30ന് സാമൂഹിക പ്രവർത്തകരുടെ ലിസ്റ്റ് ആവശ്യപ്പെട്ട് വനിതാ ശിശുവികസന വകുപ്പ് ഓഫീസർ കത്ത് നൽകിയിരുന്നു. നാലുമാസം കഴിഞ്ഞിട്ടും ലിസ്റ്റ് നൽകിയില്ല. അംഗൻവാടികളിലേക്ക് അർഹതപ്പെട്ടവരെ തെരഞ്ഞെടുത്തില്ലെന്ന് ആരോപിച്ച് അംഗൻവാടി ടീച്ചർമാരെ പരിശീലിപ്പിക്കുന്ന താത്കാലിക ടീച്ചറായ എ.എസ്. സുനിത അന്തിക്കാട് പഞ്ചായത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിനാൽ രണ്ട് വർഷമായി ഇവിടെ നിയമനം നടന്നിട്ടില്ല. മറ്റ് നാല് പഞ്ചായത്തുകളിലാണ് സെലക്ഷൻ കമ്മിറ്റി രൂപീകരിക്കേണ്ടത്. മണലൂരിൽ 2020 മുതൽ വർക്കർ തസ്തികയിൽ 380 അപേക്ഷകളും ഹെൽപ്പർ തസ്തികയിൽ 86 അപേക്ഷകളും സ്വീകരിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് അംഗൻവാടി നിയമനം തത്കാലം നിറുത്തിവയ്ക്കാൻ സർക്കാർ ഉത്തരവിറക്കി. ഇപ്പോൾ നിയമനം നടത്താമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടെയാണ് സെലക്ഷൻ കമ്മിറ്റിയിലേക്കുള്ള ലിസ്റ്റ് ആവശ്യപ്പെട്ട് കത്ത് നൽകിയത്.
അംഗൻവാടികളിലെ നിയമനം നടത്തുന്നതിന് സെലക്ഷൻ കമ്മിറ്റിയിലേക്ക് അഞ്ച് സാമൂഹിക പ്രവർത്തകരുടെ ലിസ്റ്റിന് പഞ്ചായത്തുകൾക്ക് കത്ത് നൽകിയിട്ടുണ്ട്. ലിസ്റ്റ് ലഭിച്ചാൽ നിയമന നടപടി ആരംഭിക്കും.
ശുഭ നാരായണൻ
വനിതാ ശിശുവികസനവകുപ്പ് ഓഫീസർ അന്തിക്കാട്.