തൃശൂർ: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് നേരെയുള്ള ജലപീരങ്കി പ്രയോഗത്തിനിടെ നിലത്തുവീണ കോർപ്പറേഷൻ കൗൺസിലർ ലാലി ജയിംസടക്കമുള്ളവർക്ക് പരിക്കേറ്റു. ബാരിക്കേഡുകൾ മറിച്ച് കളക്ടറേറ്റിന് ഉള്ളിലേക്ക് കടക്കാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു.
ടി.എൻ. പ്രതാപൻ എം.പി, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കി. മാർച്ച് വി. കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയ്തു. സനീഷ് കുമാർ ജോസഫ് എം.എൽ.എ, പദ്മജ വേണുഗോപാൽ, ടി.വി. ചന്ദ്രമോഹൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ എം. പി. വിൻസന്റ്, ജോസഫ് ടാജറ്റ് എന്നിവർ സംസാരിച്ചു. നൂറുകണക്കിന് പേർ മാർച്ചിൽ പങ്കെടുത്തു.