പാവറട്ടി: പാലം നിർമ്മാണം പൂർത്തിയായിട്ട് ഒരു മാസമായിട്ടും പെരുവല്ലൂർ പരപ്പുഴ പാലം ഉദ്ഘാടകനെയും കാത്ത് കിടക്കുകയാണ്. നിർമ്മാണ ഘട്ടത്തിൽ പരപ്പുഴയിലൂടെ അശാസ്ത്രീയമായി നിർമ്മിച്ച സമാന്തര റോഡ് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അമല നഗർ-പൂവത്തൂർ റോഡിൽ മുല്ലശ്ശേരി പഞ്ചായത്തിലെ പെരുവല്ലൂരിൽ ആണ് പാലം സ്ഥിതി ചെയ്യുന്നത്. ഒരു വർഷം കൊണ്ട് പൂർത്തിയാക്കേണ്ട പാലം രണ്ടു വർഷം സമയമെടുത്താണ് പൂർത്തിയാക്കിയത്. പാലം പണി പൂർത്തിയായിട്ടും ഇപ്പോഴും പാലം പണിയുന്ന തൊഴിലാളികൾ അലറ ചില്ലറ പണികളുമായി ഇവിടെ ഉണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാണ് പാലം നിർമ്മാണം നടത്തിയത്. എന്നാണ് ഉത്ഘാടനം എന്ന് ചോദിക്കുന്നവരോട് തീരുമാനം ആയിട്ടില്ല എന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ മറുപടി.
അശാസ്ത്രീയമായി നിർമ്മിച്ച സമാന്തര പാത പൊളിച്ചു നീക്കിയതിനാൽ എളവള്ളി-കോക്കൂർ വഴിയും മുല്ലശ്ശേരി-എലവത്തൂർ വഴിയും അന്നകരയിൽ എത്തിയാണ് വാഹനങ്ങൾ സർവീസ് നടത്തിയിരുന്നത്. പാലത്തിന്റെ 3 സ്പാനുകളുടെ വാർപ്പ് കഴിഞ്ഞതോടെ ഒരു വശത്തുകൂടി വാഹന ഗതാഗതത്തിന് തുറന്നു കൊടുത്തു. പാലം നിർമ്മാണം പൂർത്തിയായപ്പോൾ പൂർണ തോതിൽ വാഹന ഗതാഗതം ആരംഭിച്ചു. നിരവധി വാഹനങ്ങൾ പോകുന്ന പറപ്പൂർ റോഡിലുള്ള പാലം ഇപ്പോൾ ഗുരുവായൂരിൽ മേൽപ്പാലം നിർമ്മാണം നടക്കുന്നതിനാൽ ഗുരുവായൂരിലേക്ക് കൂടുതൽ വാഹനങ്ങൾ പരപ്പുഴ പാലത്തിലൂടെ ആണ് കടന്നു പോകുന്നത്.