നന്തിക്കര: അതിദരിദ്രരെ ഇല്ലാതാക്കുകയെന്ന മഹത്തായ ലക്ഷ്യത്തിലേക്ക് പറപ്പൂക്കര പഞ്ചായത്ത്. ഈ ലക്ഷ്യം നടപ്പാക്കാൻ ഒട്ടേറെ പദ്ധതികളാണ് പഞ്ചായത്ത് ഇതിനകം നടപ്പാക്കിയിട്ടുള്ളത്. പഞ്ചായത്ത് പരിധിയിൽ അതിദരിദ്രരെ കണ്ടെത്തുകയും അവരുടെ ദാരിദ്ര്യ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും അവയെ മറികടന്ന് ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുകയുമാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പറപ്പൂക്കര പഞ്ചായത്ത് കണ്ടെത്തിയ 19 ഗുണഭോക്താക്കളിൽ ഓരോരുത്തരുടെയും ആവശ്യം അനുസരിച്ച് ഭക്ഷണ വിതരണവും മെഡിക്കൽ ക്യാമ്പും വിവിധ രേഖകളുടെ വിതരണവും ആരംഭിച്ചു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അദ്ധ്യക്ഷനായി. തൃശൂർ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ലത ചന്ദ്രൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ കാർത്തിക ജയൻ, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.സി. പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ നന്ദിനി രമേശൻ, കെ.കെ. പ്രകാശൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എ.ജി. രാധാമണി, ആർ. ഉണ്ണിക്കൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി ജി. സബിത എന്നിവർ സംസാരിച്ചു.
രേഖകൾ ലഭ്യമാക്കി
അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട ഗുണഭോക്താക്കളിൽ ആധാർ കാർഡ്, റേഷൻ കാർഡ്, ഐ.ഡി കാർഡ്, ബാങ്ക് അക്കൗണ്ട്, പെൻഷൻ തുടങ്ങി ഒരു രേഖയും അനൂകൂല്യവും ഇല്ലാത്തവർക്ക് വിവിധ അവകാശ രേഖകൾ ലഭ്യമാക്കി. സ്വന്തമായി ഭക്ഷണം പാചകം ചെയ്ത് കഴിക്കാൻ കഴിയാത്തവർക്ക് ഇനിമുതൽ പഞ്ചായത്ത് ഭക്ഷണം എത്തിക്കും. ഇതിനായി തനത് ഫണ്ടിന് പുറമെ സ്‌പോൺസർഷിപ്പും സ്വീകരിച്ചാണ് പദ്ധതി നടത്തുന്നത്.