പാവറട്ടി: 2022-23 വർഷത്തെ പദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ ചർച്ച നടത്താതെ തീരുമാനങ്ങൾ ജനാധിപത്യ വിരുദ്ധമായി അടിച്ചേൽപ്പിക്കുന്നുവെന്ന് ആരോപിച്ച് യു.ഡി.എഫ് അംഗങ്ങൾ ഭരണസമിതി യോഗം ബഹിഷ്‌കരിച്ചു. ജനറൽ വിഭാഗത്തിലെ 24 ലക്ഷം രൂപയും പട്ടിക വിഭാഗത്തിന്റെ എട്ടു ലക്ഷം രൂപയും കൂമ്പുള്ളി കനാൽ ഡെസ്റ്റിനേഷൻ ചലഞ്ചിലെ ബാക്കി 9 ലക്ഷത്തോളം രൂപയും ബ്ലോക്ക് ആശുപത്രിയിലെ സിവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിനായി വകയിരുത്തിയിരുന്ന 18 ലക്ഷം രൂപയും ചേർത്ത് അറുപത് ലക്ഷത്തോളം രൂപയുടെ പദ്ധതികളാണ് പുതുക്കുന്നത്. ജനാധിപത്യവിരുദ്ധമായ തീരുമാനങ്ങൾ ഭരണസമിതി റദ്ദ് ചെയ്ത് ഭരണസമിതിയിൽ ചർച്ച ചെയ്തു ജനങ്ങൾക്ക് ആവശ്യമായ പദ്ധതികൾ രൂപീകരിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. സ്‌കൂളുകൾ ചോക്ക് രഹിതമാക്കൽ, വെള്ളക്കെട്ട് ഒഴിവാക്കേണ്ട നിരവധി കാനകളും കൾവെർട്ടുകളും മറ്റു പദ്ധതികളും നടപ്പാക്കേണ്ടതുള്ളപ്പോൾ കേവലം ടൂറിസവുമായി ബന്ധപ്പെട്ട വിവിധങ്ങളായ പദ്ധതികൾക്ക് മാത്രം ഫണ്ട് വകവയ്ക്കുന്നത് സംശയാസ്പദമാണെന്നും യു.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. പ്രതിപക്ഷ നേതാവ് ഒ.ജെ. ഷാജൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഗ്രേസി ജേക്കബ്, ഷെരീഫ് ചിറക്കൽ, മിനി ലിയോ എന്നീ യു.ഡി.എഫ് അംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി പ്രകടനവും ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരവും നടത്തി.
വിഷയത്തിൽ അടിയന്തര യോഗം വിളിച്ചുചേർത്ത് ഒരു ചർച്ചയും കൂടാതെ ഭരണസമിതിയിൽ ആലോചിക്കുകപോലും ചെയ്യാതെ ചിലരുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് പദ്ധതി തയ്യാറാക്കി പാസാക്കി എടുക്കുകയാണ്.
-പ്രതിപക്ഷം.
ബ്ലോക്ക് പഞ്ചായത്തിലെ ഓരോ ഡിവിഷനിലേക്കും വീതംവച്ച് നൽകാനുള്ള തുക ബ്ലോക്ക് പഞ്ചായത്തിന് ഇല്ല. പൊതുവായ വികസന പദ്ധതികൾക്കാണ് മുൻഗണന നൽകുന്നത്. വികസന പ്രവർത്തനത്തിന് തടയിടാനുള്ള ശ്രമമാണ് പ്രതിപക്ഷത്തിന്റെത്.
-ലതി വേണുഗോപാൽ
(ബ്ലോക്ക് പ്രസിഡന്റ്)