 
ഗുരുവായൂർ: പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയുടെ ഭാഗമായി ഒരു മാസം നീളുന്ന വിളക്കാഘോഷത്തിന് ക്ഷേത്രത്തിൽ തുടക്കം. വർഷങ്ങളായി ആദ്യ ദിവസത്തെ വിളക്ക് നടത്തിവരുന്ന പാലക്കാട് അലനല്ലൂർ പറമ്പോട്ട് അമ്മിണിഅമ്മയുടെ വഴിപാടായാണ് ഇന്നലെ ആദ്യ വിളക്കാഘോഷം നടന്നത്.
ഇന്ന് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെയും ഞായറാഴ്ച ചാവക്കാട് കോടതിയിലെ അഭിഭാഷകരുടെയും വകയാണ് വിളക്കാഘോഷം. വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും വഴിപാടായാണ് ഏകാദശിക്ക് മുന്നോടിയായി 30 ദിവസം വിളക്ക് നടത്തുന്നത്. ഡിസംബർ മൂന്നിനാണ് ഏകാദശി. ഏകാദശി നാളിൽ ദേവസ്വം വക ഉദയാസ്തമയ പൂജയോടെയാണ് വിളക്കാഘോഷം.