പൊയ്യ വില്ലേജ് ഓഫീസ് പ്രവേശന കവാടത്തിൽ തടസമായിരുന്ന സോളാർ പാനൽ നീക്കി

മാള: പൊയ്യ വില്ലേജ് ഓഫീസിൽ കയറാൻ തല കുമ്പിട്ട് വണങ്ങണമായിരുന്നു. അത് ഉദ്യോഗസ്ഥരെയോ, കെട്ടിടത്തെയോ അല്ല !. രണ്ട് പതീറ്റാണ്ടായി വില്ലേജ് ഓഫീസിന്റെ പ്രവേശന കവാടത്തിൽ തടസമായി നിന്നിരുന്ന ഉപയോഗശൂന്യമായ സോളാർ പാനലിനെയാണ് ഇക്കാലമത്രയും പൊതുജനങ്ങൾ വണങ്ങിക്കൊണ്ടിരുന്നത്. ഇപ്പോൾ എല്ലാവർക്കും തല കുനിക്കാതെ വില്ലേജ് ഓഫീസിൽ പ്രവേശിക്കാം. പൊതുപ്രവർത്തകനായ സ്വദേശി ഷാന്റി ജോസഫ് തട്ടകത്ത് കളക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം മാള ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സോളാർ പാനൽ അഴിച്ചുമാറ്റി. കാലങ്ങളായി വില്ലേജ് ഓഫീസിലെത്തുന്നവർക്ക് തല കുമ്പിടാതെ വില്ലേജ് ഓഫീസിലേക്കോ പുറത്തേക്കോ പ്രവേശിക്കാൻ സാദ്ധ്യമായിരുന്നില്ല. റാമ്പിലൂടെ കയറിവരുന്നവരുടെ തല സോളാർ പാനലിൽ തട്ടിപരിക്കേൽക്കുന്നത് പതിവായിരുന്നു. ഉദ്യോഗസ്ഥർ മാറി മാറി വന്നെങ്കിലും സോളാർ പാനൽ അവിടെത്തന്നെ നിന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനോ മേൽ ഉദ്യോഗസ്ഥരോട് റിപ്പോർട്ട് ചെയ്യാനോ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ല. പരിക്കേറ്റ് പ്രതിസന്ധിയിലായത് നിരപരാധികളായ പൊതുജനങ്ങളും.

നോക്കുകുത്തിയായി കാൽ നൂറ്റാണ്ട്

25 വർഷങ്ങൾക്ക് മുമ്പ് മാള ബ്ലോക്ക് പഞ്ചായത്ത് വഴി അനെർട്ടാണ് ലക്ഷങ്ങൾ ചെലവഴിച്ച് സോളാർ പാനൽ സ്ഥാപിച്ചത്.

വില്ലേജ് ഓഫീസ് പരിസരത്തുള്ള പൊതുകിണറിൽ നിന്നും ജനങ്ങൾക്കാവശ്യമായ ശുദ്ധജലം പമ്പ് ചെയ്ത് നൽകുന്നതിനാണ് മോട്ടറും വാട്ടർ ടാങ്കും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനാനായി സോളാർ സിസ്റ്റവും സ്ഥാപിച്ചത്. എന്നാൽ ഒരു ദിവസം പോലും ഇത് പ്രവർത്തിച്ചില്ലെന്ന് പറയുന്നു. സോളാർ സിസ്റ്റം സ്ഥാപിക്കുന്ന അവസരത്തിൽ സമീപമുള്ള പഴയ കെട്ടിടത്തിലാണ് വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്നത്.
പിന്നീട് വില്ലേജ് ഓഫീസ് പുതുക്കി പണിതെങ്കിലും സോളാർ പാനൽ ഓഫീസിന് മുമ്പിൽ നോക്കുകുത്തിയായിത്തന്നെ തുടർന്നു.