കൊടുങ്ങല്ലൂർ: മുൻസിപ്പാലിറ്റിയിൽ ചാപ്പാറ സയൻസ് പാർക്ക് നിർമ്മാണത്തിന് 4.15 കോടിയുടെ ഭരണാനുമതി ലഭിച്ചു. ഇത് പൂർത്തിയാകുന്നതോടെ സ്‌കൂൾ വിദ്യാർത്ഥികൾക്കും, കോളേജ് വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും ശാസ്ത്രവിഷയത്തിൽ മികച്ച പരിശീലനം നൽകുന്നതോടൊപ്പം പൊതുജനങ്ങളെ ശാസ്ത്രത്തിലേക്ക് ആകർഷിക്കുന്ന വിവിധ പവലിയനുകൾ സയൻസ് പാർക്കിലുണ്ടാകും. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്‌സ്, സ്‌പേസ് സയൻസ്, ജിയോളജി, മെക്കട്രോണിക്‌സ്, അസ്‌ട്രോലാബ് എന്നിവക്ക് പുറമെ അക്വാറിയം എന്നിവയും സയൻസ് പാർക്കിലുണ്ടാകും. ഗവേഷണ വിദ്യാർത്ഥികൾക്ക് കൂടി ഉപകാരപ്രദമായ രീതിയിൽ വിപുലമായ ലാബ് സംവിധാനം സയൻസ് പാർക്കിൽ സജ്ജീകരിക്കും. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ രണ്ടു നിലകളിലായി അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക് ഉൾപ്പെടെയുള്ള കെട്ടിട നിർമ്മാണത്തിനാണ് ഭരണാനുമതി ലഭ്യമായിട്ടുള്ളത്. നിർമ്മാണം ആരംഭിച്ചാൽ ഒരു നിലകൂടി കെട്ടിടം നിർമ്മിച്ച് മേൽപ്പറഞ്ഞ സൗകര്യങ്ങൾ ഒരുക്കുമെന്നും അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ പറഞ്ഞു.