ramani

അതിരപ്പിള്ളി: ഒരു കുരങ്ങിന്റെ പപ്പായയേറിൽ താറുമാറായത് വെറ്റിലപ്പാറയിലെ നിരാശ്രയരായ കുടുംബത്തിന്റെ ജീവിതം. ഏറുകൊണ്ടത് നഴ്‌സറിപ്പടിയിലെ രമണിക്ക്. എഴുപത്തിയാറുകാരിയായ ഇവർ ഇപ്പോൾ കടുത്ത ശ്വാസതടസത്താൽ കിടപ്പിലാണ്. രണ്ട് ദിവസം മുൻപ് വീട്ടുമുറ്റത്ത് പണിയെടുക്കുമ്പോഴായിരുന്നു സംഭവം. വിശപ്പകറ്റാൻ പപ്പായ മരത്തിൽ കയറിയ കുരങ്ങ് നിരാശനായി. പഴുത്ത കായകളൊന്നും കിട്ടിയില്ല. ഇതോടെയാണ് വാനരൻ പച്ചപപ്പായ പറിച്ചെറിഞ്ഞത്. ഇതുവന്ന് കൊണ്ടത് ദൂരെ നിന്നിരുന്ന രമണിയുടെ മുതുകിലും.


നിലത്തുവീണ ഇവർക്ക് പിന്നീട് വലിയ തോതിൽ ശ്വാസ തടസമുണ്ടായി. വാർദ്ധക്യ രോഗങ്ങളാൽ ദുരിതം അനുഭവിക്കുന്നതിനൊപ്പം മറ്റൊരു ആഘാതം കൂടിയായി. ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ വൃദ്ധ എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ്. വൃക്കരോഗിയായ ഭർത്താവ് കൊളത്തിപറമ്പൻ കരുണാകരന്റെ ഏക ആശ്രയമാണ് ഭാര്യ രമണി. ഇവർ കൂടി കിടപ്പിലായതോടെ അയൽവാസികളാണിപ്പോൾ സഹായത്തിനെത്തുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റിജേഷും ജനപ്രതിനിധികളും വീട്ടിലെത്തി വിവരം തിരക്കി.