sanskrit-
തൃശൂർ ശക്തൻ നഗറിലെ അക്കാഡമി ഒഫ് ശരി അ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വിദ്യാർത്ഥികളെ കെ.കെ യതീന്ദ്രൻ സംസ്കൃതം പഠിപ്പിക്കുന്നു ഫോട്ടോ: റാഫി എം. ദേവസി

തൃശൂർ: അറബി ഹദീസുകൾക്കൊപ്പം സംസ്‌കൃതത്തിലെ ധ്യാനശ്ലോകങ്ങളും പഠിക്കുകയാണ്അക്കാഡമി ഒഫ് ശരി അ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ (അസാസ്) വിദ്യാർത്ഥികൾ. സംസ്‌കൃതത്തിൽ (വേദാന്തം) ബിരുദാനന്തര ബിരുദവും ,ശങ്കര തത്വചിന്തയിൽ പഠനഗവേഷണങ്ങളും നടത്തിയ പ്രിൻസിപ്പൽ ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഏഴു വർഷം മുൻപ് സംസ്‌കൃതം നിർബന്ധിത പാഠ്യ വിഷയമാക്കി.

തൃശൂർ ശക്തൻ നഗറിനടുത്ത് മുസ്ലിം പള്ളിയോട് ചേർന്നാണ് കോളേജ്.മത പഠനത്തോടൊപ്പം പ്ലസ് ടു മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്‌സുകൾ ചേർത്ത് എട്ടു വർഷത്തെ ഇസ്‌ലാമിക് പി.ജി പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥിക്ക് മാലിക്കി ബിരുദം ലഭിക്കും. സംസ്‌കൃതം മാത്രമല്ല മലയാളം, ഇംഗ്ലീഷ്, അറബി, ഉറുദു ഭാഷകളും പാഠ്യപദ്ധതിയിലുണ്ട്. പ്ലസ് ടു ഹ്യുമാനിറ്റീസും ഇന്ദിരാഗാന്ധി ഓപ്പൺ, കാലിക്കറ്റ് സർവകലാശാലകളുടെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളും ചേർന്നതാണ് പഠനം. എസ്.എസ്.എൽ.സിക്ക് ശേഷം പ്രവേശനപരീക്ഷ നടത്തിയാണ് വിദ്യാർത്ഥികളുടെ തിരഞ്ഞെടുപ്പ്. സംസ്‌കൃത പരീക്ഷ നടത്താറില്ലെങ്കിലും, ഈ ക്ലാസുകളിൽ പങ്കെടുത്താലേ സർട്ടിഫിക്കറ്റ് ലഭിക്കൂ. സങ്കുചിത മനോഭാവം ഇല്ലാതാക്കുമെന്ന് തിരിച്ചറിഞ്ഞാണ് പാഠ്യപദ്ധതിയിൽ സംസ്‌കൃതം ഉൾപ്പെടുത്തിയതെന്ന് കോളേജ് അധികൃതർ വ്യക്തമാക്കുന്നു. ഈ കോഴ്‌സ് പഠിച്ചിറങ്ങിയാൽ അദ്ധ്യാപനമടക്കമുള്ള ജോലികൾ ലഭിക്കാനുള്ള സാദ്ധ്യതകളുമുണ്ട്.

സംസ്കൃതശിബിരങ്ങളും

15 ദിവസത്തെ സംസ്‌കൃത ശിബിരത്തോടെയാണ് പഠനം. സംസ്‌കൃതം എഴുതാനും വായിക്കാനും സംസാരിക്കാനുമുള്ള പരിശീലനം നൽകും. തുടർന്ന് സിദ്ധരൂപവും അമരകോശവുമെല്ലാം ചൊല്ലിച്ച് ഹൃദിസ്ഥമാക്കും. വർഷങ്ങളായി സംസ്‌കൃതം പഠിപ്പിക്കുന്ന കെ.കെ. യതീന്ദ്രനെയാണ് ആദ്യം അദ്ധ്യാപകനായി നിയോഗിച്ചത്. രമേഷ് കേച്ചേരിയാണ് മറ്റൊരദ്ധ്യാപകൻ.

സമാനതകൾ

 രണ്ട് ഭാഷകളുടെയും പഠനം വ്യാകരണത്തിലൂന്നി
 രണ്ടും മനഃപാഠമാക്കുന്നത് ചൊല്ലിപ്പഠിച്ച്
 ദ്വിവചനങ്ങൾ സംസ്‌കൃതത്തിലും അറബിയിലുമുണ്ട്
 രണ്ട് ഭാഷകളിലും അദ്ധ്യാത്മിക ഗ്രന്ഥങ്ങളേറെ

'സംസ്‌കൃത പഠനത്തിലൂടെ സമത്വ ബോധമുണ്ടാകുന്നു. രണ്ട് ഭാഷകളുടെയും പഠനരീതികളിൽ സാമ്യതയുള്ളതിനാൽ കുട്ടികൾ പ്രതീക്ഷിച്ചതിനെക്കാൾ വേഗത്തിൽ എല്ലാം പഠിച്ചെടുക്കുന്നു'.

-കെ.കെ. യതീന്ദ്രൻ

അദ്ധ്യാപകൻ