jail

തൃശൂർ: വിയ്യൂർ അതിസുരക്ഷാ ജയിലിൽ ഖുർആന് അകത്തു വച്ച് സിം കാർഡ് എത്തിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഭാര്യയ്ക്കും മകനുമെതിരെ പൊലീസ് കേസെടുത്തു. പോപ്പുലർ ഫ്രണ്ട് നിരോധിക്കപ്പെട്ടതിനെത്തുടർന്ന് പെരുവന്താനത്ത് നിന്നും അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന ഇടുക്കി പെരുവന്താനം സ്വദേശി സി.എച്ച്. സൈനുദ്ദീന് സിം എത്തിച്ച് നൽകിയതിന്റെ പേരിലാണ് ജയിൽ സൂപ്രണ്ട് ബി. സുനിൽകുമാറിന്റെ പരാതിയെ തുടർന്ന് സൈനുദ്ദീന്റെ ഭാര്യ നദീറ, സഹോദരൻ മുഹമ്മദ് നാസർ, മകൻ മുഹമ്മദ് യാസിൻ എന്നിവർക്കെതിരെ വിയ്യൂർ പൊലീസ് കേസെടുത്തത്. ഒക്ടോബർ 31നാണ് കേസിനാസ്പദമായ സംഭവം. ഉടമയെ അറിയുന്നതിനായി സിം സൈബർ പൊലീസിന് കൈമാറി. സിം പരിശോധനകൾക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കും.