nedu

തൃശൂർ: സാങ്കേതിക വിദ്യാഭ്യാസരംഗത്ത് പെൺകുട്ടികളുടെ ഉന്നമനത്തിനായി സ്റ്റാർട്ട് അപിനുള്ള പരിസരം എല്ലാ പോളിടെക്‌നിക് കോളേജിലും ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. നെടുപുഴ വനിത പോളിടെക്‌നിക്കിലെ യൂട്ടിലിലിറ്റി സെന്ററിന്റെയും നവീകരിച്ച ലേഡീസ് ഹോസ്റ്റലിന്റെയും ഉദ്ഘാടനവും ഇൻഡോർ സ്റ്റേഡിയത്തിന്റെയും കോളേജ് ചുറ്റുമതിലിന്റെയും നിർമ്മാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.

2.28 കോടി മുതൽമുടക്കിൽ പുതുതായി നിർമ്മിച്ച 8025 ചതുരശ്ര അടിയുള്ള യൂട്ടിലിറ്റി സെന്ററിൽ മൂന്ന് നിലകളിലായി രണ്ട് ക്ലാസ് റൂമും ആറ് ലാബുമുണ്ട്. 70 ലക്ഷം രൂപ മുടക്കിൽ ഇരുനിലകളുള്ള നവീകരിച്ച ഹോസ്റ്റൽ കെട്ടിടമാണ് സമർപ്പിച്ചത്. 30.32 ലക്ഷം ഉപയോഗിച്ചാണ് ഷട്ടിൽ കോർട്ട് അടങ്ങിയ ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നത്. കേരളത്തിൽ നിന്ന് കുട്ടികൾ പുറത്തുപോയി പഠിക്കുന്ന അവസ്ഥയ്ക്ക് പകരം വിദേശ വിദ്യാർത്ഥികൾ കേരളത്തിലെ സ്ഥാപനങ്ങളിൽ അദ്ധ്യയനം നടത്തുന്ന വിധത്തിൽ സാങ്കേതിക വിദ്യാഭ്യാസ രംഗം മാറുകയാണെന്ന് അദ്ധ്യക്ഷനായ മന്ത്രി കെ. രാജൻ പറഞ്ഞു. കോളേജിന്റെ വജ്രജൂബിലി ഉദ്ഘാടനവും ലോഗോ പ്രകാശനവും മേയർ എം.കെ.വർഗീസ് നിർവഹിച്ചു. ഡോക്ടർ ടി.പി.ബൈജു ഭായ്, വിനേഷ് തയ്യിൽ, എ.ആർ.രാഹുൽനാഥ് എന്നിവർ പങ്കെടുത്തു.