പുതുക്കാട്: കേളിത്തോട് പാലം വഴിയുള്ള പാഴായി റോഡ് മാർഗമുള്ള ഗതാഗതത്തിന് അധികൃതർ വീണ്ടും കർശന നിയന്ത്രണം ഏർപ്പെടുത്തി.
കഴിഞ്ഞ ദിവസം രാത്രിയിൽ പാഴായി റോഡിൽ ഗാതാഗതം നിയന്ത്രിക്കാൻ അധികൃതർ സ്ഥാപിച്ച കാലുകൾ അജ്ഞാതർ നീക്കം ചെയ്തിരുന്നു. ഭാരവാഹനങ്ങൾ ഉൾപ്പടെ പഴയപടി സഞ്ചാരം തുടങ്ങിയതോടെയാണ് അധികൃതർ വീണ്ടും റോഡിൽ ഗതാഗതം നിയന്ത്രിച്ചത്. പാഴായി റോഡിൽ കേളിത്തോട് പാലത്തിന് ബലക്ഷയം ബോദ്ധ്യപ്പെട്ടതോടെ ഒന്നര മാസം മുമ്പാണ്് ഇതുവഴിയുള്ള ഗതാഗതം പൊതുമരാമത്ത് വകുപ്പ് അധികൃതർ നിയന്ത്രിച്ചത്. ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും മാത്രം സഞ്ചരിക്കാവുന്ന നിലയിലായിരുന്നു റോഡിൽ കാലുകൾ കുഴിച്ചിട്ട് ഗാതാഗതം നിയന്ത്രിച്ചത്. താത്കാലിക പാത നിർമ്മിക്കാതെ ഗതാഗതം നിയന്ത്രിച്ച അധികൃതരുടെ നടപടി കനത്ത പ്രതിഷേധമാണ് ഉണ്ടാക്കിയത്. ദേശീയപാതയിൽ നിന്നും തൃപ്രയാർ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന റോഡ് അടച്ചതോടെ ഇതുവഴിയുള്ള ബസ് ഗതാഗതവും നിലച്ചു. ടോൾ ഒഴിവാക്കി ഭാരവാഹനങ്ങൾ ഉൾപ്പടെ നുറുകണക്കിന് വാഹനങ്ങളാണ് ഈ വഴി കടന്നുപോയിരുന്നത്. മൂന്ന് വർഷം മുമ്പ് കേളിത്തോട് പാലം പുനർനിർമ്മിക്കാൻ സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ തുക വകയിരുത്തിയെങ്കിലും നിർമ്മാണം നടന്നില്ല. ഇതിനിടെ താത്കാലിക റോഡ് നിർമാണത്തിന് റോഡ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ തയ്യാറാക്കിയ എസ്റ്റിമേറ്റിന് ഭരണാണാനുമതി ലഭിച്ചാൽ താത്കാലിക റോഡ് ഉടനെ നിർമ്മിക്കുമെന്ന് അധികൃതർ അറിയിച്ചു.