ചാലക്കുടി: നഗരസഭയിലെ അഞ്ച് സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ തത്സസ്ഥാനങ്ങൾ രാജിവച്ചു. കെ.വി. പോൾ (ആരോഗ്യം), എം.എം. അനിൽകുമാർ (വിദ്യാഭ്യാസം), അഡ്വ. ബിജു ചിറയത്ത് (വികസനം), നിതാ പോൾ(ക്ഷേമകാര്യം), സി.ശ്രീദേവി (പൊതുമരാമത്ത്) എന്നിവരാണ് ശനിയാഴ്ച വൈകിട്ട് നഗരസഭാ സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്. യു.ഡി.എഫ് നേതൃത്വമുണ്ടാക്കിയ ധാരണപ്രകാരം രാജി വച്ചതാണെന്നാണ് ഒദ്യോഗിക ഭാഷ്യമെങ്കിലും യു.ഡി.എഫ് ഭരണ സമിതിയിൽ ഇതോടെ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കപ്പെടുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. രാജിക്ക് തൊട്ടുമുമ്പ് ആരോഗ്യകാര്യ അദ്ധ്യക്ഷൻ കെ.വി. പോൾ നടത്തിയ വാർത്താസമ്മേളനത്തിൽ ഇതു വ്യക്തമായി. പ്രതിപക്ഷവും ഭരണ സമിതിക്കെതിരെ രംഗത്തെത്തി. മറ്റു അദ്ധ്യക്ഷരോടും കാലാവധിക്കാര്യം അറിയിച്ചിരുന്നില്ല. പുതിയ അദ്ധ്യക്ഷന്മാരെ അവരോധിച്ച് മൂന്നു നേതാക്കളുടെ അധികാരം കൈപ്പിടിയിലാക്കാനുള്ള തന്ത്രമാണ് ഇതെന്ന് യു.ഡി.എഫ് കൗൺസിലർമാക്കിടയിൽ സംസാരമുണ്ട്.
നഗരസഭാ ഭരണത്തിലെ വലിയ അഴിമതികൾ മറച്ചു വയ്ക്കാനുള്ള തന്ത്രമാണ് സ്ഥിരംസമിതി അദ്ധ്യക്ഷരുടെ രാജി. ആരോഗ്യ വിഭാഗത്തിൽ അഴിമതി നടക്കുന്നുണ്ടെന്ന് ചെയർമാൻ എബി ജോർജ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. തുടർന്നുണ്ടായ പ്രതിസന്ധി ലഘൂകരിക്കുന്നതിനാണ് ഈ നീക്കം.
-സി.എസ്. സുരേഷ്
(പ്രതിപക്ഷ നേതാവ്)
സ്ഥിരം സമിതിക്കാർക്ക് ഒന്നര വർഷത്തെ കാലാവധി നിശ്ചയിച്ചത് അറിഞ്ഞില്ല. പാർലമെന്ററി പാർട്ടി യോഗത്തിൽ ഒരു നേതാവ് പറഞ്ഞ അറിവ് മാത്രം. രാജിവയ്‌ക്കേണ്ടതില്ലെന്ന് ഡി.ഡി.സി പ്രസിഡന്റ് അറിയിച്ചിരുന്നു. എങ്കിലും കടിച്ചുതൂങ്ങി കിടക്കാൻ താത്പര്യമില്ല.
-കെ.വി. പോൾ
(രാജിവച്ച ആരോഗ്യകാര്യ അദ്ധ്യക്ഷൻ)
വൈസ് ചെയർപേഴ്‌സൺ സ്ഥാനം നൽകുന്നതുവരെ സ്ഥിരം സമിതി അദ്ധ്യക്ഷയായി തുടരാനാണ് നേരത്തെ ലഭിച്ചിരുന്ന നിർദ്ദേശം. എങ്കിലും പിടിവാശിയും പ്രതിസന്ധിയും ആഗ്രഹിക്കുന്നില്ല.
-സി. ശ്രീദേവി
(രാജിവച്ച പൊതുമരാമത്ത് അദ്ധ്യക്ഷ)