1
വാഴാനി ഡാമിലെ കുട്ടികളുടെ പാർക്ക്.

വടക്കാഞ്ചേരി : വാഴാനി ഡാം ടൂറിസ്റ്റ് കേന്ദ്രത്തിലെ ചിൽഡ്രൻസ് പാർക്ക് നവീകരണത്തിനായി ടൂറിസം വകുപ്പ് 36 ലക്ഷം രൂപ അനുവദിച്ചു. കൊവിഡ് കാലഘട്ടത്തിലെ അടച്ചിടലിനെത്തുടർന്ന് കുട്ടികളുടെ പാർക്കിലെ പല കളിയുപകരണങ്ങളും ഉപയോഗയോഗ്യമല്ലാതായിരുന്നു. സേവ്യർ ചിറ്റിലപ്പിളളി എം.എൽ.എയുടെ ഇടപെടലിന്റെ ഭാഗമായി വാഴാനി ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കൗൺസിൽ (ഡി.എം.സി) യോഗം ചേരുകയും വാഴാനി ഡാം ടൂറിസ്റ്റ് ഡെസ്റ്റിനേഷനെ മുൻകാലങ്ങളേക്കാൾ മികച്ച രീതിയിൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രമാക്കി മാറ്റാനുള്ള തുടർശ്രമങ്ങൾ നടത്തുകയുമുണ്ടായി. കഴിഞ്ഞ ഓണത്തിന് വാഴാനി ഓണം ഫെസ്റ്റ് തെക്കുംകര പഞ്ചായത്തിന്റെ നേതൃത്വത്തിൽ വലിയ ജനപങ്കാളിത്തത്തോടുകൂടി നടത്തി. വാഴാനി ഡാമിലെ തൂക്കുപാലം അറ്റകുറ്റപ്പണികൾ തീർത്ത് തുറന്നുകൊടുത്തു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ ചർച്ച നടത്തി ചിൽഡ്രൻസ് പാർക്ക് നവീകരിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് സേവ്യർ ചിറ്റിലപ്പിളളി എം.എൽ.എ, ഡി.ടി.പി.സി ചെയർമാനായ ജില്ലാ കളക്ടർ, ജില്ലാ വികസന കമ്മിഷണർ, ഡി.ടി.പി.സി സെക്രട്ടറി തുടങ്ങിയവർ വാഴാനി ഡാം സന്ദർശിച്ചു. ഡി.ടി.പി.സി ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ യോഗം ചേരുകയും വാഴാനി ഡാം ചിൽഡ്രൻസ് പാർക്ക് നവീകരണത്തിനായി പദ്ധതി തയ്യാറാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. പാർക്കിൽ വ്യത്യസ്തമായ പുതിയ കളിയുപകരണങ്ങൾ സ്ഥാപിക്കുന്നതിനായി അത്താണി സിൽക്ക് തയ്യാറാക്കിയ 36 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഡി.ടി.പി.സി മുഖേന ടൂറിസം വകുപ്പിന് സമർപ്പിച്ചിരുന്നു. ഈ പദ്ധതിക്ക് തുക അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സേവ്യർ ചിറ്റിലപ്പിളളി എം.എൽ.എ ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് കത്ത് നൽകിയിരുന്നു. ഇതുപ്രകാരമാണ് പദ്ധതിക്ക് ടൂറിസം വകുപ്പ് അംഗീകാരം നൽകി തുക അനുവദിച്ചത്.

ചിൽഡ്രൻസ് പാർക്ക് നവീകരിക്കുന്നതോടുകൂടി കൂടുതൽ ആഭ്യന്തര വിനോദസഞ്ചാരികളായ കുടുംബങ്ങളെ ആകർഷിക്കാൻ കഴിയും. പടിപടിയായി വാഴാനി ടൂറിസം ഡെസ്റ്റിനേഷനെ ആകർഷകമാക്കും. വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ വിനോദസഞ്ചാര സാദ്ധ്യതകളെ കോർത്തിണക്കി ടൂറിസം സർക്യൂട്ട് യാഥാർത്ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ്.
-സേവ്യർ ചിറ്റിലപ്പിളളി
(എം.എൽ.എ)