prathi

തൃശൂർ : ഗാനമേള നടക്കുമ്പോൾ കാണികൾക്കിടയിൽ ഡാൻസ് കളിച്ചത് തടഞ്ഞയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് മൂന്ന് വർഷം തടവും, 7,500 രൂപ പിഴയും ശിക്ഷ. നെടുമ്പുര കളത്തിൽ വീട്ടിൽ മുഹമ്മദ് മകൻ കുഞ്ഞുമൊയ്തുവിനെ (40) തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ ചെറുതുരുത്തി നെടുമ്പുര ചേനങ്ങത്ത് വിഷ്ണു (31), കാരഞ്ചേരി ബിജുമോൻ എന്ന ബിജുക്കുട്ടൻ(31), കിഴക്കേക്കര ഗണേഷ് (36) എന്നിവരെയാണ് തൃശൂർ രണ്ടാം അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ബിജു വി.ജി ശിക്ഷിച്ചത്. പിഴയടച്ചാൽ പിഴത്തുക പരിക്കേറ്റ കുഞ്ഞുമൊയ്തുവിന് നൽകണം. പിഴയടയ്ക്കാത്ത പക്ഷം മൂന്ന് മാസം അധികതടവ് അനുഭവിക്കണം. 2014 ജനുവരി 17ന് പുലർച്ചെ ഒരു മണിക്ക് ചെറുതുരുത്തി നെടുമ്പുര സ്‌കൂൾ ജംഗ്ഷനിലായിരുന്നു സംഭവം. കാരഞ്ചേരി ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂരത്തോട് അനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടയിലാണ് സംഭവം. ചെറുതുരുത്തി എസ്.ഐയായിരുന്ന പി.പി.ജോയാണ് കേസ് രജിസ്റ്റർ അന്വേഷണം നടത്തിയത്. പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.എൻ.വിവേകാനന്ദൻ, അഭിഭാഷകരായ രചന ഡെന്നി, കെ.കെ.ശിശിര, പഞ്ചമി പ്രതാപൻ എന്നിവർ ഹാജരായി.