mathilakam-
മതിലകത്ത് തെരുവ് നായ്ക്കൾ കൊന്നൊടുക്കിയ ആടുകൾ

മതിലകം : തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ മതിലകത്തെ ആട് കർഷകനായ കല്ലൂപറമ്പിൽ നസീബിന് നഷ്ടമായത് 11 ആടുകളെ. 6 ആടുകൾ സംഭവ സ്ഥലത്ത് തന്നെ ചത്തു. അഞ്ച് ആടുകൾ മൃതപ്രായമായ നിലയിലാണ്. മതിലകം വാട്ടർ ടാങ്കിന് കിഴക്ക് ശനിയാഴ്ച പുലർച്ചെയോടെയാണ് തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത്. ആട് കർഷകനായ നസീബ് വീട്ടുവളപ്പിലാണ് ആടുകളെ വളർത്തിയിരുന്നത്.
വീട് പൊളിച്ചതിനാൽ രണ്ടുദിവസമായി സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് താത്കാലികമായി ആടുകളെ പാർപ്പിച്ചിരുന്നത്. ചുറ്റുമതിലും ഗേറ്റുമുള്ള പറമ്പ് സുരക്ഷിതമാണെന്ന വിശ്വാസത്തിലായിരുന്നു നസീബ്. ശനിയാഴ്ച പുലർച്ചെ രണ്ടോടെ ആക്രമണ ശബ്ദം കേട്ടുണർന്ന അടുത്ത വീട്ടുകാരാണ് നസീബിനെ വിവരമറിയിച്ചത്. ഓടിയെത്തി ഗേറ്റ് തുറന്നപ്പോൾ തെരുവ് നായ്ക്കൂട്ടം മതിൽ ചാടിക്കടന്ന് പോകുകയായിരുന്നു. ഏതാണ്ട് എല്ലാ ആടുകളുടെയും കഴുത്തിലാണ് കടിയേറ്റത്. ആടുകളെ കടിച്ചു പറിക്കുകയോ മാംസം ഭക്ഷിക്കുകയോ ചെയ്തിട്ടില്ല. വിവരമറിഞ്ഞ് വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആടുകളെ പരിശോധിച്ചു. ഏതാണ്ട് ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നും പരിക്കേറ്റ ആടുകളെ ഉടനെ കുഴിച്ചു മൂടുമെന്നും നസീബ് പറഞ്ഞു.