
തൃശൂർ: ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളം മാറുകയാണെന്നും തൊഴിലന്വേഷകർക്ക് അവസരങ്ങളുടെ പാത വെട്ടിത്തുറക്കാനാണ് സർക്കാർ നോളജ് എക്കണോമി മിഷന് തുടക്കമിട്ടതെന്നും റവന്യൂ മന്ത്രി കെ.രാജൻ. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ നേതൃത്വത്തിലുള്ള ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണ ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ച് കുട്ടികളുടെ അവകാശ സംരക്ഷണത്തിനും ഉന്നമനത്തിനുമായി നിരവധി പ്രവർത്തനങ്ങൾ സർക്കാർ നടത്തുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പും ഇക്കാര്യത്തിൽ മുന്നിലാണെന്ന് മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ.ആർ. രവി അദ്ധ്യക്ഷനായി. ജില്ലാ ശിശുസംരക്ഷണ ഓഫീസർ പി.ജി. മഞ്ജു പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. രവീന്ദ്രൻ, ശ്രീവിദ്യ രാജേഷ്, ഒല്ലൂക്കര ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.