 
തൃശൂർ: ഖത്തർ ലോകകപ്പിന്റെ കിക്കോഫിന് നാളുകളെണ്ണവേ നാടും നഗരവും കാൽപ്പന്തുകളി ആരവത്തിലേക്ക്. ടീമുകളുടെയും കളിക്കാരുടെയും പക്ഷം പിടിച്ച് ഫ്‌ളക്‌സും മറ്റും ഉയർന്നുതുടങ്ങി. മതിലുകളിലും മരങ്ങളിലും ഇനി ഇഷ്ട ഫുട്ബാൾ ടീമുകളുടെ ചായം നിറയും.
നിലവിലെ ജേതാക്കളായ ഫ്രാൻസ്, ആറാം കിരീടം ലക്ഷ്യമിടുന്ന ബ്രസീൽ, ലയണൽ മെസിയുടെ അർജന്റീന, ക്രിസ്റ്റ്യാനോ റൊണോൾഡോയുടെ പോർച്ചുഗൽ എന്നിവയാണ് ആരാധകരുടെ ഇഷ്ടടീമുകൾ. ജർമനി, ഇംഗ്ലണ്ട്, സ്‌പെയിൻ, നെതർലാൻഡ്‌സ്, സെനഗൽ, ക്രൊയേഷ്യ, കാമറൂൺ, മെക്‌സിക്കോ, ബെൽജിയം, ഡെന്മാർക്ക് എന്നിവർക്കും ആരാധക സംഘങ്ങളുണ്ട്. ലോകകപ്പുകളിലെ മിന്നും താരങ്ങളായ മെസി, നെയ്മർ, റൊണാൾഡോ എന്നിവർക്കാണ് ഇത്തവണയും ആരാധകരേറെ. ആവേശം വിതറുന്ന ഉശിരൻ വാചകങ്ങളുമായാണ് ഫ്‌ളക്‌സ് ഉയരുന്നത്. ബ്രസീൽ നഗറും അർജന്റീന നഗറുമായി വിവിധയിടങ്ങളിൽ ബാനറുകൾ പൊന്തിക്കഴിഞ്ഞു. ഇഷ്ടതാരങ്ങളുടെ ഫ്‌ളക്‌സുകൾ, ഹോർഡിംഗുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ വഴിയോരങ്ങളിൽ നിറഞ്ഞുകഴിഞ്ഞു. ലൈബ്രറികളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും മാർക്കറ്റുകളിലും കൂറ്റൻ സ്‌ക്രീനുകളൊരുക്കിയാണ് കളി കാണുക. ആവേശപ്പോരുകൾക്കൊപ്പം പന്തയം വയ്പ്പും ഉഷാറാകും.
താരങ്ങൾ മെസിയും നെയ്മറും റൊണാൾഡോയും
ഇത്തവണയും ലോകകപ്പിലെ കൂടുതൽ ആരാധകരുള്ള ടീമുകളിൽ ഒന്നായ ബ്രസിലീന്റെ നെയ്മർ, അർജന്റീനയുടെ മെസി, പോർച്ചുഗലിന്റെ റൊണാൾഡോ, ഫ്രാൻസിന്റെ എംബാപെ എന്നിവരുടെ ഫ്‌ളക്‌സുകളാണ് ഏറ്റവും കൂടുതൽ ഉയരുന്നത്. ലോകകപ്പ് അടുക്കും തോറും ടീമുകളുടെയും താരങ്ങളുടെയും പടുകൂറ്റൻ ഫ്‌ളക്‌സുകൾ രംഗത്ത് വരും. ബെൽജിയത്തിന്റെ ലുക്കാക്കു, അർജന്റീനയുടെ ഡി ബാല, എയ്ഞ്ചൽ ഡി മരിയ, ക്രൊയേഷ്യയുടെ ലുക്കാ മോഡ്രിച്ച്, പോളണ്ടിന്റെ റോബർട്ട് ലെവൻഡോസ്‌കി, ഇംഗ്ലണ്ടിന്റെ റാഷ് ഫോർഡ്, ഹാരി കെയിൻ , ഉറുഗ്വേയുടെ സുവാരസ്, കവാനി എന്നിവർക്കെല്ലാം നിരവധി ആരാധകരാണുള്ളത്.
ജഴ്‌സി, ഫ്‌ളക്‌സ് കടകളിൽ തിരക്ക്
ഇഷ്ടതാരങ്ങളുടെയും ടീമുകളുടെയും ജഴ്‌സികളും ഫ്‌ളക്‌സും അടിക്കാൻ തിരക്കേറി. സ്‌കൂൾ കായിക മേളകളും മറ്റും ആരംഭിച്ചതിനാൽ അതിന്റെ തിരക്കിനിടയിലാണ് ലോകകപ്പെത്തിയത്. ഇതോടെ ഇവർക്ക് നിന്നുതിരിയാൻ സമയമില്ല.