തൃശൂർ: പ്രതിരോധത്തിന്റെ സംസ്‌കാരമാണ് നാടകം മുന്നോട്ടു വയ്ക്കുന്നതെന്ന് പ്രൊഫ.സാറാ ജോസഫ്. രംഗചേതന പ്രതിവാര നാടകാവതരണത്തിന്റെ 600ാം അരങ്ങ് ആഘോഷമായ രംഗോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. 42 വർഷമായി നാടകത്തെ സജീവമായി നിലനിറുത്തുന്ന രംഗചേതനയുടെ പ്രവർത്തനം അഭിനന്ദനാർഹമാണ്. നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന സംഘങ്ങളുടെ പ്രതിനിധികളെ ഭരണസമിതിയിൽ ഉൾപ്പെടുത്താൻ സംഗീത നാടക അക്കാഡമി പോലുള്ള സ്ഥാപനങ്ങൾ തയ്യാറാവുന്നില്ല. നാടകം പഠിച്ചിറങ്ങുന്നവർക്ക് സ്ഥിര വരുമാനമുണ്ടാകും വിധം തൊഴിലവസരം സൃഷ്ടിക്കാൻ ശ്രദ്ധിക്കണമെന്നും അവർ പറഞ്ഞു. പ്രൊഫ.പി.എൻ.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സുനിൽ സുഖദ, ഇ.ഡി.ഡേവിസ്, ഡോ.കെ.ജോയ് പോൾ, ഇ.ടി.വർഗീസ്, കെ.വി.ഗണേഷ് തുടങ്ങിയവർ സംസാരിച്ചു. സത്യജിത്ത് സംവിധാനം ചെയ്ത 'അതെന്താ ', പൗലോസ് പുല്ലഴി സംവിധാനം ചെയ്ത 'പാതിരാവിലെ ഉത്തരവ് ', പ്രശാന്ത് നാരായണൻ സംവിധാനം ചെയ്ത 'രായിങ്കിരി ചെക്ക് പോസ്റ്റ്' എന്നിവ അരങ്ങേറി. സുധ സുധീറും സംഘവും അവതരിപ്പിച്ച ഗസലുമുണ്ടായി.