ചാലക്കുടി: ദേശീയപാതയിൽ ഒഴിയാതെ ഗതാഗതക്കുരുക്ക്. മുരിങ്ങൂർ മുതൽ പോട്ട വരെ നീളുന്ന ഭാഗത്താണ് രാപ്പകൽ ഭേദമില്ലാത്ത ഗതാഗത സ്തംഭനം. പടിഞ്ഞാറ് ഭാഗത്തെ റോഡിൽ കുരുക്ക് അതിരൂക്ഷവുമാണ്. രണ്ടര കലോമീറ്റർ വാഹനങ്ങൾ കടന്നുപോകാൻ പലപ്പോഴും അര മണിക്കൂറെടുക്കുന്നു. അടിപ്പാത നിർമ്മാണമാണ് കാതലായ പ്രശ്‌നം. മുനിസിപ്പൽ ജംഗ്ഷനിൽ എൻ.എച്ചിൽ നിന്നും സർവീസ് റോഡിലേയ്ക്ക് തിരിച്ചുവിടുന്ന വാഹനങ്ങൾക്ക് ഏറ്റവും കുറഞ്ഞ വേഗതയിലെ കടന്നു പോകാനാകുന്നുള്ളു. കണ്ടെയ്‌നർ പോലുള്ള വലിയ വാഹനങ്ങൾ പലപ്പോഴും നിശ്ചലമാകുന്നുമുണ്ട്. വീണ്ടും അടിപ്പാത നിർമ്മാണം നടക്കുന്ന ഇരുനൂറ് മീറ്റർ ദൂരം ഒറ്റവരിയായാണ് വാഹനങ്ങൾ കടന്നു പോകുന്നത്. ഇതെല്ലാം കൂടിയാകുമ്പോൾ ഗതാഗതക്കുരിക്കാനാൽ യാത്രക്കാർ നട്ടംതിരിയുകയാണ്. വാഹനങ്ങളുടെ വർദ്ധനവ്, അശാസ്ത്രീയ നിയന്ത്രണ സംവിധാനം ഇവയും കഥയിലെ വില്ലന്മാരുകുന്നു. ആംബുലൻസുകൾ പലതും വാഹനക്കുരുക്കിൽ കിടക്കുന്നതും നിത്യ സംഭവമാണ്. അവധി ദിവസങ്ങളിലും ഗതാഗതക്കുരുക്കിന് ശമനമില്ല. രൂക്ഷമായ പ്രശ്‌നം പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തു നിന്നും നടപടിയുണ്ടാകുന്നില്ല.